കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എം ടി വാസുദേവൻനായരുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. മരുന്നുകളോട് നേരിയ രീതിയിൽ പ്രതികരിക്കുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു. പത്തു മണിയോടെ പുറത്തു വന്ന മെഡിക്കൽ ബുള്ളറ്റിൻ അനുസരിച്ച് അതേ നില തുടരുകയാണ്.

എന്നാൽ മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും നില ഇപ്പോഴും ​ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നു. നിലവിൽ അദ്ദേഹം ഐസിയുവിലാണ്‌. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്.

ശ്വാസതടസത്തെ തുടർന്ന് അദ്ദേഹത്തെ ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് ഇന്നലെ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു.