കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞ് രണ്ട് കുട്ടികളടക്കം ആറ് പേര്‍ക്ക് ദാരുണാന്ത്യം. വ്യവസായിയായ വിജയനപുര സ്വദേശി ചന്ദ്രാം യോഗപ്പ (48) ഗൗരഭായ് (42) വിജയലക്ഷ്മി (36) ഗാന്‍ (16) ദീക്ഷ (12), ആര്യ (6) എന്നിവരാണ് മരിച്ചത്. വിജയപുരയിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോയവര്‍ സഞ്ചരിച്ച വോള്‍വോ കാറാണ് അപകടത്തില്‍പ്പെട്ടത്.

ബംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപം ദേശീയപാത 48-ല്‍ ഇന്ന് രാവിലെ 11 മണിയോടൊണ് അപകടം ഉണ്ടായത്. ബംഗളൂരുവില്‍ നിന്ന് തുമകുരുവിലേക്ക് പോകുകയായിരുന്നു കണ്ടെയ്നര്‍ ലോറി. കാറും ലോറിയും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഇതിനിടെ മറ്റൊരു ട്രക്കുമായി കണ്ടെയ്നര്‍ ലോറി കൂട്ടിയിടിച്ചു. രണ്ട് ട്രക്കുകളും മറിഞ്ഞു. എന്നാല്‍ കണ്ടെയ്നര്‍ ലോറി കാറിന് മുകളിലേക്ക് മറിയുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.