കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പില്‍ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടികയില്‍ പിഴവെന്ന് പരാതി.

പിന്നാലെ പട്ടികയിലെ പിഴവ് സംബന്ധിച്ച്  പ്രതിഷേധം ഉണ്ടായി.  ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുണ്ടക്കൈ 11-ാം വാര്‍ഡിലെ ദുരന്തബാധിതരാണ് പ്രതിഷേധവുമായി എത്തിയത്.  മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് പ്രതിഷേധം. 

 നിരവധി പേരെ ഒഴിവാക്കിയെന്നും പേരുകളിൽ ഇരട്ടിപ്പ് എന്നും ആരോപിച്ചാണ് പ്രതിഷേധം.  ഒരു വാർഡിൽ മാത്രം  നിരവധി പേരുകൾ ഇരട്ടിച്ചുവെന്നും ആരോപണമുണ്ട്. 

388 പേരുടെ പട്ടികയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. അതിൽ 17 കുടുംബങ്ങളിലെ ആരും ജീവിച്ചിരിപ്പില്ല. പലരുടെയും പേര് ഒഴിവാക്കിയെന്നും പരാതിയുണ്ട്.

മാനന്തവാടി സബ് കളക്ടർക്കായിരുന്നു പട്ടിക തയ്യാറാക്കാനുള്ള ഉത്തരവാദിത്വം. റവന്യു ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സംഘത്തിലുണ്ടായിരുന്നു. എന്നിട്ടും പിഴവുകൾ കടന്നുകൂടി.