ജർമനിയിലെ മാഗ്ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിൽ കാർ പാഞ്ഞുകയറി രണ്ടുപേർ മരിക്കുകയും 68 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം ലോകമെമ്പാടും ഞെട്ടലുളവാക്കിയിരിക്കുകയാണ്. ഈ ദാരുണ ആക്രമണത്തിന് പിന്നിൽ അറസ്റ്റിലായ ഡോക്ടറുടെ വിവരങ്ങൾ പുറത്തുവരുമ്പോൾ, സംഭവത്തിന്റെ ഗൗരവം വർധിക്കുകയാണ്.
പിടിയിലായ 50 വയസുകാരനായ താലിബ് അബ്ദുൽ മുഹ്‌സിൻ ‘എക്‌സ് മുസ്‌ലിം’ ആണെന്നും ഇസ്ലാമിന്റെ കടുത്ത വിമർശകനാണെന്നും ജർമ്മനിയിലെ വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി (AfD) യുടെ പിന്തുണക്കാരനാണെന്നും അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. സൈക്യാട്രിയിലും സൈക്കോ തെറാപ്പിയിലും സ്‌പെഷലിസ്റ്റാണ് ഇയാൾ.
1974-ൽ സൗദി അറേബ്യയിലെ ഹഫൂഫ് നഗരത്തിൽ ജനിച്ച താലിബ്, 2006-ൽ ജർമ്മനിയിൽ സ്ഥിര താമസ അനുമതി നേടി. പിന്നീട് 2016-ൽ അഭയാർഥിയായി അംഗീകരിക്കപ്പെട്ടു. സൗദി അറേബ്യയിൽ ഇസ്ലാമിനെ വിമർശിക്കാനുള്ള ബുദ്ധിമുട്ടുകളാണ് അദ്ദേഹത്തെ രാജ്യം വിടാൻ പ്രേരിപ്പിച്ചത് എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ജർമനിയിൽ എത്തിയ ശേഷം, എക്‌സ് മുസ്‌ലിംകളെ സൗദിയിൽ നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും രക്ഷപെടാൻ സഹായിക്കുന്നതിനായി ‘വീ ആർ സൗദി’ എന്ന വെബ്സൈറ്റ് താലിബ് സ്ഥാപിച്ചു.
മിഡിൽ ഈസ്റ്റിൽ നിന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് പെൺകുട്ടികളെ കടത്തിയതുമായി ബന്ധപ്പെട്ട് തീവ്രവാദ കുറ്റങ്ങൾ ചുമത്തി സൗദി അറേബ്യയുടെ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നയാളാണ് താലിബ് എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ജർമനി താലിബിനെ സൗദി അറേബ്യയിലേക്ക് കൈമാറാൻ വിസമ്മതിക്കുകയും അഭയം നൽകുകയുമായിരുന്നു.
സംഭവത്തെക്കുറിച്ച് സംസാരിച്ച പ്രാദേശിക ഭരണാധികാരി റെയ്നർ ഹേസെലോഫ്, താലിബ് ഒറ്റയ്ക്കാണ് ഈ കൃത്യം നടത്തിയതെന്നും അതിനാൽ കൂടുതൽ ഭീഷണികളില്ലെന്നും അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ഒരു കറുത്ത ബിഎംഡബ്ല്യു കാർ ക്രിസ്മസ് മാർക്കറ്റിലൂടെ 400 മീറ്ററിലധികം ദൂരം ആളുകളെ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസ് തോക്കുകൾ ചൂണ്ടി താലിബിനെ കീഴടങ്ങാൻ ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് സംഭവത്തെ അപലപിച്ചു. ഇരകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അനുശോചനം അറിയിച്ചു. ജർമ്മൻ പ്രസിഡന്റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റൈൻമിയർ ‘സമാധാനപരമായ ഒരു ക്രിസ്മസിനായുള്ള കാത്തിരിപ്പ് പെട്ടെന്ന് തടസ്സപ്പെട്ടു’ എന്ന് പ്രസ്താവിച്ചു. വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമ്മനിയുടെ നേതാവ് ആലീസ് വീഡലും ആക്രമണത്തെ അപലപിച്ചു.
സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയം ജർമ്മൻ ജനതയ്ക്കും ഇരകളുടെ കുടുംബാംഗങ്ങൾക്കും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അക്രമത്തെ തള്ളിക്കളയുന്നതായി പ്രസ്താവന ഇറക്കുകയും ചെയ്തു.