മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ നിർദേശം കേട്ട് കെ.എസ്.യുക്കാരെ അറസ്റ്റുചെയ്യുകയും കള്ളക്കേസെടുക്കുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ തെരുവിൽ യൂത്ത് കോൺഗ്രസ് കൈകാര്യം ചെയ്യുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി പറഞ്ഞു. കണ്ണൂർ ഡിസിസി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അബിൻ വർക്കി.
കണ്ണൂരിൽ കെ.എസ്.യുക്കാരെ എസ്.എഫ്.ഐയോടൊപ്പം പൊലീസും വേട്ടയാടുകയാണ്. ഇതിനെ പ്രതിരോധിക്കാൻ യൂത്ത് കോൺഗ്രസ് ഇറങ്ങും. ശക്തമായ തിരിച്ചടിയുണ്ടാകും. കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും കണ്ണൂർ എ.സി.പി ടി.കെ രത്നകുമാറും കേൾക്കാൻ വേണ്ടി തന്നെയാണ് ഈ കാര്യം പറയുന്നത്. ഈ കാര്യത്തിൽ കേസൊന്നും ഒരു പ്രശ്നമല്ല.
എപ്പോഴും പി ശശി കേരളം ഭരിക്കുമെന്ന പ്രതീക്ഷയും ഇവർക്ക് വേണ്ട. കണ്ണൂർ പണ്ടത്തെ കണ്ണൂരൊന്നുമല്ലെന്ന് ഓർക്കണം. ഇവനൊന്നും സർക്കാർ പെൻഷൻ വാങ്ങി വീട്ടിലിരിക്കില്ല. പാർട്ടി ഓഫീസിൽ നിന്നും കിട്ടുന്ന നക്കാപ്പിച്ച വാങ്ങി കഴിക്കേണ്ടി വരും. സമരത്തിൽ പരുക്കേറ്റു ഗുരുതരാവസ്ഥയിൽ കഴിയുന്ന കെ.എസ്.യു നേതാവായ അർജുൻ കോറോത്തിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തത് ദിവൃ ദൃഷ്ടിയിൽ കണ്ടതുകൊണ്ടാണോയെന്നും അബിൻ ചോദിച്ചു.
പൊലീസിൻ്റെ സാന്നിദ്ധ്യത്തിൽ എസ്.എഫ്.ഐക്കാർ കെ.എസ്.യു പ്രവർത്തകരെ അക്രമിക്കുകയാണ്. ഇത് ഇനി കണ്ടു നിൽക്കാനാവില്ല. കാംപസുകളിൽ കെ.എസ്.യുവിൻ്റെ വസന്തകാലം വരുന്നത് തടയാൻ പൊലീസിനെ ഉപയോഗിക്കുകയാണ്. എസ്. എഫ്.ഐയെ രാഷ്ട്രീയമായി ഞങ്ങൾ കാലാകാലങ്ങളായി പ്രതിരോധിക്കുന്നുണ്ട്. ഇനി പൊലീസിനെയും തെരുവിൽ നേരിടുമെന്ന് അബിൻ വർക്കി പറഞ്ഞു.
കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ഓഫിസ് മാർച്ചുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റുചെയ്തു റിമാൻഡിലായി ജയിലിൽ കഴിയുന്ന കെ.എസ്.യു പ്രവർത്തകരെ അബിൻ വർക്കി സന്ദർശിച്ചു. യുത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹൻ, വി പി അബ്ദുൽ റഷീദ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.