യുഎസ് കപ്പലുകള്‍ പനാമ കനാല്‍ ഉപയോഗിക്കുന്നതിന് അമിത നിരക്ക് ഈടാക്കുന്നുവെന്നും ഇതിന് മാറ്റം വരുത്തിയില്ലെങ്കില്‍ സഖ്യകക്ഷിയോട് കനാല്‍ കൈമാറാന്‍ ആവശ്യപ്പെടുമെന്നും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് ഇക്കാര്യമുള്ളത്.
‘അമേരിക്കയുടെ സമ്പദ്വ്യവസ്ഥയിലും ദേശീയ സുരക്ഷയിലും നിര്‍ണായക പങ്ക് വഹിക്കുന്നതിനാല്‍ പനാമ കനാലിനെ അമേരിക്കയുടെ സുപ്രധാന ദേശീയ ആസ്തിയായി കണക്കാക്കുന്നു’ എന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. പനാമ ഇത്തരത്തില്‍ അമിത നിരക്ക് ഈടാക്കുന്നത് അധിക്ഷേപമാണ്. പ്രത്യേകിച്ച് അമേരിക്ക പനാമയ്ക്ക് നല്കിയ ദാനമാണ് കനാലെന്ന് അറിഞ്ഞുകൊണ്ട് ഇത്തരത്തില്‍ പെരുമാറുന്നത് പരിഹാസ്യമാണ്. മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താനല്ല കനാല്‍ വിട്ടികൊടുത്തത്. അമേരിക്കയും പനാമയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗം മാത്രമാണിതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
1914ല്‍ യുഎസ് കനാലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും 1999 ഡിസംബര്‍ 31 വരെ അത് കൈകാര്യം ചെയ്യുകയും ചെയ്തു. 1997-ല്‍ ഒപ്പുവച്ച ഉടമ്പടികളുടെ അടിസ്ഥാനത്തില്‍ കനാലിന്റെ നിയന്ത്രണം ഒരു പരമാധികാര രാജ്യമായ പനാമയ്ക്ക് ഔദ്യോഗികമായി കൈമാറുകയായിരുന്നു.