കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി സ്ഥാപിച്ച നൂതന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കാമറകള്‍ പണി തുടങ്ങി. ട്രാഫിക് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും നിയമവിരുദ്ധമായ ഡ്രൈവിംഗ് പെരുമാറ്റം തടയുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായി പ്രധാന റോഡുകളില്‍ സ്ഥാപിച്ച എഐ കാമറകള്‍ വെറും നാലും ദിവസത്തിനകം 4,122 ട്രാഫിക് നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിക്കല്‍, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, അശ്രദ്ധവും അപകടകരവുമായ ഡ്രൈവിംഗ്, തെറ്റായ രീതിയിലുള്ള ലെയിന്‍ മാറ്റങ്ങള്‍ തുടങ്ങിയ നിയമ ലംഘനങ്ങളാണ് എഐ കാമറകള്‍ കണ്ടെത്തിയ നിയമ ലംഘനങ്ങളില്‍ അധിവകവുമെന്ന് മന്ത്രാലയം അറിയിച്ചു. ഇവയില്‍ പലതും സാധാരണ കാമറകള്‍ക്ക് കണ്ടുപിടിക്കാന്‍ കഴിയാത്ത നിയമലംഘനങ്ങളാണെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തുടനീളം സുരക്ഷിതമായ റോഡ് സാഹചര്യങ്ങള്‍ ഉറപ്പാക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന അത്യാധുനിക എഐ സാങ്കേതികവിദ്യകളുമായി സംയോജിപ്പിച്ച ഓട്ടോമേറ്റഡ് മോണിറ്ററിംഗ് ക്യാമറകളുടെ ശൃംഖലള്‍ ഈ നിയമ ലംഘനങ്ങള്‍ സ്വന്തം നിലയ്ക്ക് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

ഗതാഗത നിയന്ത്രണങ്ങള്‍ പാലിക്കാന്‍ എല്ലാ റോഡ് ഉപയോക്താക്കളോടും ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിക്കുകയും പൊതു സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരന്തര നിരീക്ഷണത്തിന്റെയും ബോധവല്‍ക്കരണത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. അപകടങ്ങള്‍ കുറയ്ക്കുന്നതിനും എല്ലാവര്‍ക്കും സുരക്ഷിതമായ ഡ്രൈവിംഗ് അന്തരീക്ഷം ഉറപ്പാക്കുന്നതിനും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നത് നിര്‍ണായകമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ ഗതാഗത ലംഘനങ്ങള്‍ നിരീക്ഷിക്കുന്നതില്‍ എഐ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ കാമറകള്‍ സ്ഥാപിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ പെരുമാറ്റം കുറയ്ക്കാനും റോഡ് ഉത്തരവാദിത്തത്തിന്റെ സംസ്‌കാരം വളര്‍ത്തിയെടുക്കാനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. സ്വന്തം സുരക്ഷ മാത്രമല്ല, മറ്റ് റോഡ് ഉപയോക്താക്കളുടെ കൂടി സുരക്ഷയാണ് ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ അപകടത്തിലാക്കുന്നതെന്നും അത്തരം പെരുമാറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.