മുംബൈ: 13കാരൻ വൈഭവ് സൂര്യാൻഷി​യെ എന്തിന് ടീമിലെടുത്തുവെന്ന ചോദ്യത്തിന് ഉത്തരം നൽകി ഐ.പി.എൽ ടീം രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സഞ്ജു സാംസ്ൺ. എ.ബി ഡിവില്ലിയേഴ്സിന്റെ ​യുട്യൂബ് ചാനലിനോട് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം. 

അണ്ടർ19 ടെസ്റ്റ് മാച്ചിൽ ​വൈഭവ് നടത്തിയ പ്രകടനം കണ്ടാണ് താരത്തെ ടീമിലെടുത്തതെന്ന് സഞ്ജു പറഞ്ഞു. അണ്ടർ 19 ടെസ്റ്റ് മാച്ചിൽ ചെന്നൈയിൽ നടന്ന മത്സരത്തിൽ 58 പന്തിൽ സെഞ്ച്വറി നേടിയതോടെയാണ് വൈഭവ് തങ്ങളുടെ ശ്രദ്ധയിലേക്ക് എത്തുന്നതെന്നും സഞ്ജു സാംസൺ പറഞ്ഞു.

58 പന്തിൽ സെഞ്ച്വറി നേടിയതോടെ 56 പന്തിൽ ശതകം കുറിച്ച മോയിൻ അലി മാത്രമാണ് റെക്കോഡ് പുസ്തകത്തിൽ ഇനി വൈഭവിന് മുന്നിലുള്ളത്. 58 പന്തിൽ 14 ബൗണ്ടറിയും നാല് സിക്സും ഉൾപ്പെടുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്സ്. 

യുവതാരങ്ങളെ ടീമിലെടുക്കുകയെന്നത് എപ്പോഴും രാജസ്ഥാന്റെ ശീലമാണെന്നും സഞ്ജു സാംസൺ പറഞ്ഞു. യശ്വസി ജയ്സ്വാൾ, റിയാൻ പരാഗ്, ധ്രുവ് ജൂറൽ എന്നിവരെയല്ലാം ഇത്തരത്തിൽ ടീമിലെടുത്തതാണ്. ഐ.പി.എൽ ജയിക്കുകയെന്നത് ഞങ്ങളുടെ ലക്ഷ്യമാണ്. ഇതിനൊപ്പം ഇന്ത്യൻ ടീമിലേക്ക് യുവതാരങ്ങളെ സംഭാവന ചെയ്യുകയും വേണം. 

രഞ്ജി ട്രോഫിയിൽ ഇതുവരെ മികച്ച പ്രകടനമാണ് വൈഭവ് നടത്തിയത്. രഞ്ജി ട്രോഫിയിലെ പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോഡ് വൈഭവ് മറികടന്നിരുന്നു. നേരത്തെ ഐ.പി.എൽ ലേലത്തിൽ 1.05 കോടിക്കാണ് രാജസ്ഥാൻ റോയൽസ് വൈഭവിനെ ടീമിലെടുത്തത്.