സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ ഹണി റോസ് സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഹണി റോസ് പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. ഇവയ്‌ക്കെല്ലാം പുറമെ കേരളത്തിലെ ഉദ്ഘാടന ചടങ്ങുകളിലും സജീവ സാന്നിദ്ധ്യമാണ് താരം. ഇണങ്ങുന്ന വ്യത്യസ്തമായ വസ്ത്രധങ്ങൾ ധരിച്ചാണ് പൊതുസ്ഥലങ്ങളിൽ ഹണി പ്രത്യക്ഷപ്പെടുന്നത്. ഹണി റോസിനെതിരെ വലിയ രീതിയിൽ ബോഡി ഷെയ്മിംഗും നടക്കാറുണ്ട്. 

ഉദ്ഘാടനത്തിനെത്തുന്ന നടിയെ കാണാന്‍ നൂറുക്കണക്കിന് ആരാധകരാണ് ഇവിടങ്ങളിലേക്ക് എത്താറുള്ളത്. തന്നെ സ്‌നേഹിക്കുന്നവരോടെല്ലാം മാന്യമായ രീതിയിലാണ് ഹണി സംസാരിക്കാറുള്ളതും. ഉദ്ഘാടനത്തിന് ധരിക്കുന്ന വസ്ത്രങ്ങളിൽ താരം അതീവ ശ്രദ്ധ പുലർത്താറുണ്ട്. പലപ്പോഴൊക്കെ ഇത് വലിയ രീതിയിൽ വിമർശനവും ഏറ്റുവാങ്ങാറുണ്ട്. ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നൽകിയ പരാതിയാണ് ഇപ്പോൾ ചർച്ചാ വിഷയം. താരം പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഇതിന് കാരണം. ഹണിയുടെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്മെന്റസ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവർ ചോദിക്കുന്നു. പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകൾക്ക് എന്നെ ക്ഷണിച്ചപ്പോൾ ഞാൻ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു. 

പണത്തിന്റെ ധാർഷ്ട്യത്താൽ ഏതു സ്ത്രീയേയും ഒരാൾക്ക്‌ അപമാനിക്കാൻ കഴിയുമോ, അതിനെ എതിർക്കാൻ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നൽകുന്നില്ലേ എന്ന് ചോദിച്ചാൽ ഇയാളുടെ പ്രവർത്തികളിൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ സ്ത്രീകൾക്കെതിരെ ലൈംഗികദ്യോതകമായ (sexually coloured remarks ) ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണ് എന്നാണ് അറിയാൻ സാധിച്ചത്.

ഞാൻ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്, അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നർത്ഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തിൽ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ല.. എന്നും പോസ്റ്റിൽ താരം പറഞ്ഞിരുന്നു. പിന്നീട് ബോബി ചെമ്മണ്ണൂരിന്റെ പേരെടുത്ത് പറഞ്ഞ് വിമർശിച്ചും താരം എത്തിയിരുന്നു.

‘ബോബി ചെമ്മണ്ണൂർ, താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ളീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും. താങ്കൾ താങ്കളുടെ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു’,- എന്നാണ് ഹണി റോസ് ഫേസ്ബുക്കിൽ കുറിച്ചത്.

അതേസമയം ഹണി റോസിൻ്റെ ഫേസ് ബുക്ക് പോസ്റ്റിന് മോശം കമ്മൻ്റ് ഇട്ട 30 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്തു.20 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പല കമന്റുകളും വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ്. അന്വേഷണത്തിന് വെല്ലുവിളിയാണെങ്കിലും ലൊക്കേഷന്‍ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം. കേസിന്റെ അപ്പപ്പോഴുള്ള അവസ്ഥകൾ ഹണിയും അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്.

പുതിയ ജ്വല്ലറിയുടെ ഉദ്ഘാടനത്തിനെത്തിയ ഹണി റോസിനെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശമാണ് ബോബി ചെമ്മണ്ണൂർ നടത്തിയതെന്ന വിമർശനം ഉയർന്നിരുന്നു. ഉദ്ഘാടന ചടങ്ങിനെത്തിയ ഹണി റോസ് കടയിലെ നെക്ലെസുകൾ കഴുത്തിൽ അണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. അതിനിടെ ബോബി ചെമ്മണൂർ ഹണി റോസിനെ ഒന്നു കറക്കി. ‘നേരെ നിന്നാൽ മാലയുടെ മുൻഭാഗമെ കാണൂ.

മാലയുടെ പിൻഭാഗം കാണാൻ വേണ്ടിയാണ് കറക്കിയത്,’ എന്നായിരുന്നു ബോബി ചെമ്മണൂർ അതെക്കുറിച്ച് പറഞ്ഞത്. ഹണി റോസിനെ കാണുമ്പോള്‍ പുരാണത്തിലെ കുന്തി ദേവി എന്ന കഥാപാത്രത്തെ ഓര്‍മ്മ വരുമെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നുണ്ട്. ബോബി ചെമ്മണ്ണൂരിന്റെ വാക്കുകള്‍ അതിരു കടന്നെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും അന്നും വിമർശനം ഉയർന്നിരുന്നു. 

അതേസമയം തൻ്റെ പരാമര്‍ശം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടപ്പിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരുന്നു. തൻ്റെ വാക്കുകൾ ആളുകൾ വളച്ചൊടിച്ച് സംസാരിച്ചത് ഹണിയെ വേദനിപ്പിച്ചെങ്കിൽ തിരുത്താൻ തയ്യാറാണെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. എന്നാൽ തനിക്കെതിരെ പരാതിയിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങൾ ശരിയല്ലെന്നും പരസ്പരം കണ്ട രണ്ട് അവസരങ്ങളിലും താൻ വളരെ മര്യാദയോടെയാണ് പെരുമാറിയതെന്നുമാണ് വ്യവസായി പറയുന്നത്. 

ബോയ് ഫ്രണ്ട്സ് എന്ന സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ നടിയാണ് ഹണി റോസ്. ‘ട്രിവാണ്ട്രം ലോഡ്ജ്’ എന്ന ചിത്രമാണ് കരിയര്‍ ബ്രേക്ക് ഉണ്ടാക്കിയത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം തുടര്‍ച്ചയായി സിനിമകള്‍ ചെയ്ത ഹണി റോസ് തെലുങ്കിലും തമിഴിലും എല്ലാം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. റേച്ചൽ ആണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം.