ഹമാസിന് രൂക്ഷമായ ഭാഷയിൽ താക്കീതുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ അമേരിക്കയുടെ 47ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ജനുവരി 20ന് മുമ്പ് ഹമാസ് ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ‘എല്ലാ നരകവും പൊട്ടിത്തെറിക്കും’ എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

‘ആ ബന്ദികൾ തിരിച്ചെത്തിയില്ലെങ്കിൽ എല്ലാ നരകവും തകരും. ഞാൻ ഓഫീസിൽ എത്തുമ്പോഴേക്കും അവർ തിരിച്ചെത്തിയില്ലെങ്കിൽ, മിഡിൽ ഈസ്റ്റിൽ എല്ലാ നരകങ്ങളും തകരും.’ ഫ്‌ളോറിഡയിലെ മാർഎലാഗോയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത് ഹമാസിന് നല്ലതല്ല, ആർക്കും നല്ലതല്ല. എല്ലാ നരകങ്ങളും പൊട്ടിത്തെറിക്കും. അവർ വളരെക്കാലം മുമ്പ് ബന്ദികളെ തിരികെ നൽകേണ്ടതായിരുന്നു. ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണം ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്നു, പക്ഷേ അവിടെയും നിരവധി പേർ കൊല്ലപ്പെട്ടു. ഞാൻ അധികാരമേറ്റ് രണ്ടാഴ്ച തികയുന്നതിന് മുമ്പ് ഡീൽ പൂർത്തിയാക്കിയില്ലെങ്കിൽ, മിഡിൽ ഈസ്റ്റിൽ എല്ലാ നരകങ്ങളും തകരും.’ അദ്ദേഹം ആവർത്തിച്ചു.

അമേരിക്കൻ ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹമാസുമായുള്ള ചർച്ചകളുടെ സ്ഥിതിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഡൊണാൾഡ് ട്രംപ്.’അവരെ മോചിപ്പിക്കുന്നതിന്റെ വക്കിലാണ് ഞങ്ങൾ എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതിൽ കാലതാമസം വരുത്തിയതിനെ കുറിച്ച് ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സത്യപ്രതിജ്ഞാ വേളയിൽ പ്രസിഡന്റിന് വേണ്ടി ഞങ്ങൾക്ക് ചില നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ”- മിഡിൽ ഈസ്റ്റിലെ ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവൻ ചാൾസ് വിറ്റ്‌കോഫ് പ്രതികരിച്ചു.