ഡൽഹി തെരഞ്ഞെടുപ്പിൽ എ.എ.പിയെ പിന്തുണക്കുമെന്ന് തൃണമൂൽ കോൺഗ്രസ്. പിന്തുണ നൽകുമെന്ന് അറിയിച്ചതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിന് നന്ദി പറഞ്ഞ് എ.എ.പി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. നന്ദി ദീദി എന്നായിരുന്നു കെജ്രിവാളിന്റെ എക്സിലെ പോസ്റ്റ്.

ഡൽഹി തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് എ.എ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. മമത ദീദിയോട് വ്യക്തിപരമായി എനിക്ക് നന്ദിയുണ്ട്. നല്ല സമയത്തും മോശം സമയത്തും നിങ്ങൾ എന്നെ പിന്തുണച്ചുവെന്നും കെജ്രിവാൾ എക്സിൽ കുറിച്ചു.

നേരത്തെ ഇൻഡ്യ സഖ്യത്തിലുള്ള സമാജ്‍വാദി പാർട്ടിയും ശിവസേന ഉദ്ധവ് വിഭാഗവും അരവിന്ദ് കെജ്രിവാളിന്റെറ ആം ആദ്മി പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാനാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി തീരുമാനിച്ചിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാണ് ആം ആദ്മി പാർട്ടി മത്സരിച്ചത്.

2015, 2020 തെരഞ്ഞെടുപ്പുകളിൽ ആം ആദ്മി പാർട്ടി വൻ നേട്ടമുണ്ടാക്കിയിരുന്നു. 67, 62 സീറ്റുകളിലാണ് ഇരു തെരഞ്ഞെടുപ്പുകളിലും ആം ആദ്മി പാർട്ടി വിജയിച്ചത്. ഡൽഹി ഹാട്രിക് നേടുകയാണ് അരവിന്ദ് കെജ്രിവാളിന്റെ ലക്ഷ്യം.70 അംഗ ഡൽഹി നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ.