ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പറാകാൻ എന്തുകൊണ്ടും യോഗ്യൻ സഞ്ജു സാംസൺ ആണെന്ന് അഭിപ്രായപ്പെട്ട് മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ. ഋഷഭ് പന്തിന് ഇനി വിക്കറ്റ് കീപ്പർ സ്ഥാനത്ത് സാദ്ധ്യതകളില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. അതുകൊണ്ടാണ് സഞ്ജുവിന് സാധ്യതയും വർധിക്കുന്നത്.
ഇംഗ്ളണ്ടിനെതിരായ ട്വന്റി 20 പരമ്പരയിൽ മികച്ച ഫോമിലുള്ള സഞ്ജു തന്നെയാണ് കീപ്പറാകാൻ സാദ്ധ്യത. എന്നാൽ പന്തിന് ട്വന്റി 20യിൽ അവസരം ഇനിയില്ലെന്ന് പറയാൻ മറ്റൊരു കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
‘ഒരു വിക്കറ്റ് കീപ്പർ സ്ഥാനമാണ് ഇന്ത്യൻ ടീമിൽ ഉള്ളത്. തനിക്ക് ലഭിച്ച അവസരങ്ങളിലെല്ലാം വലിയ പ്രകടനം നടത്തുകയാണ് സഞ്ജു സാംസൺ. കഴിഞ്ഞ പരമ്പര തന്നെ അതിന് തെളിവാണ്. പരമ്പരയിൽ രണ്ട് വിക്കറ്റ് കീപ്പർമാരെ ടീമിൽ ഉൾപ്പെടുത്തുക ബുദ്ധിമുട്ടാണ്. ഇടംകൈ ബാറ്റർ തിലക് വർമ സ്ക്വാഡിലുണ്ടാകും. അദ്ദേഹം മികച്ച ഫോമിലാണ്. അതിനാൽ ഇടംകൈ ബാറ്ററെന്ന പരിഗണന വന്നാലും അത്തരം താരങ്ങൾ ടീമിൽ ഇഷ്ടംപോലെ ഉണ്ട്’ എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റിൽ ഭേദപ്പെട്ട പ്രകടനം പന്ത് കാഴ്ചവച്ചെങ്കിലും കഴിഞ്ഞ വർഷം നടന്ന ട്വന്റി 20 ലോകകപ്പിൽ എട്ട് മത്സരങ്ങളിൽ 127 സ്ട്രൈക് റേറ്റോടെ 171 റൺസാണ് പന്ത് നേടിയത്. എന്നാൽ തുടർച്ചയായി അവസരം ലഭിക്കാതിരുന്ന സഞ്ജു കഴിഞ്ഞ അഞ്ച് ഇന്നിംഗ്സുകളിൽ മൂന്ന് സെഞ്ച്വറികൾ നേടി. അതുകൊണ്ട് തന്നെ സഞ്ജുവിനാണ് സാധ്യത എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.