മലയാളത്തിന്റെ പ്രിയപ്പെട്ട ഭാവ ഗായകൻ പി ജയചന്ദ്രൻ വിടവാങ്ങിയിരിക്കുന്നു. മലയാളികളുടെ ഗൃഹാതുരതയാണ് പി ജയചന്ദ്രൻ. മലയാളികള്‍ എന്നും മൂളാൻ ആഗ്രഹിക്കുന്ന ഒട്ടനവധി ഗാനങ്ങള്‍ ആലപിച്ച പി ജയചന്ദ്രൻ മലയാളികളുള്ളിടത്തോളം ഓര്‍മയിലുണ്ടാകും. ആ ഭാവസാന്ദ്രമായ ശബ്ദം മലയാളികളുടെ കേള്‍വിയില്‍ എന്നുമുണ്ടാകും.
പഠനകാലത്ത് സ്കൂള്‍ യുവജനത്സവങ്ങളിലൂടെ ആയിരുന്നു ജയചന്ദ്രൻ കലാരംഗത്ത് വരവറിയിച്ചത്. യുവജനോത്സവത്തില്‍ മൃദംഗ വായന, ലൈറ്റ് മ്യൂസിക് എന്നിവയിൽ സമ്മാനങ്ങള്‍. 1958 ലെ സംസ്ഥാന യുവജനമേളയിൽ യേശുദാസ് മികച്ച ക്ലാസിക്കൽ ഗായകനുള്ള പുരസ്കാരം നേടിയപ്പോൾ മികച്ച മൃദംഗവിദ്വാനുള്ള അവാർഡ് നേടിയത് പി ജയചന്ദ്രനായിരുന്നു.