കോലാപൂർ: അനന്തരവളുടെ വിവാഹദിവസം ചടങ്ങിൽ പങ്കെടുക്കാനെത്തിയ അതിഥികൾക്ക് വിഷം നൽകി അമ്മാവൻ. മഹാരാഷ്‌ട്രയിലെ കോലാപൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അതിഥികൾക്ക് വിളമ്പാൻ തയ്യാറാക്കിയ ഭക്ഷണത്തിൽ വിഷം കലർത്തുകയായിരുന്നു ഇയാൾ. അനന്തരവളുടെ വിവാഹത്തിലുള്ള എതിർപ്പാണ് അമ്മാവൻ ഇത്തരത്തിൽ പ്രകടിപ്പിച്ചത്.
ഉത്ര സ്വദേശിയായ മഹേഷ് പാട്ടീലാണ് പ്രതി. വധുവിന്റെ മാതൃസഹോദരനാണ് ഇയാൾ. സംഭവത്തിൽ പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് പൻഹല തെഹ്സിൽ ഉത്ര ഗ്രാമത്തിലായിരുന്നു സംഭവം.
വീട്ടുകാരുടെ സമ്മതത്തിന് വിരുദ്ധമായി ഇഷ്ടപ്പെട്ടയാൾക്കൊപ്പം ഇറങ്ങിപ്പോയതായിരുന്നു പെൺകുട്ടി. ഇതോടെ പെൺകുട്ടിയോട് പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു അമ്മാവൻ. ഒളിച്ചോടി താലികെട്ടിയതിന് ശേഷം വരന്റെ വീട്ടുകാർ വിവാഹ റിസപ്ഷൻ സംഘടിപ്പിച്ചതറിഞ്ഞ പാട്ടീൽ രഹസ്യമായി സ്ഥലത്തെത്തുകയും അതിഥികൾക്ക് വിളമ്പാൻ വച്ചിരുന്ന ഭക്ഷണത്തിൽ വിഷം കലക്കുകയുമായിരുന്നു. എന്നാൽ ചടങ്ങിന്റെ സംഘാടകരിൽ ചിലർ ഇതുകാണുകയും പാട്ടീലിനെ പിടികൂടുകയും ചെയ്തു. പൊലീസ് എത്തുന്നതിന് മുൻപ് ഇയാൾ തന്ത്രപരമായി രക്ഷപ്പെട്ടു.
വിഷം കലക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ ഭക്ഷണം ആർക്കും വിളമ്പിയിരുന്നില്ല എന്നത് വൻ ദുരന്തം ഒഴിവാക്കി. ഭക്ഷണത്തിന്റെ സാമ്പിളുകൾ പരിശോധനയ്‌ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒളിവിൽ കഴിയുന്ന പ്രതിക്കായി തെരച്ചിൽ തുടരുകയാണ്.