തിരുവനന്തപുരം: ആമയിഴഞ്ചാൻതോടിന്റെ റെയിൽവേ സ്റ്റേഷനടിയിലെ തുരങ്കഭാഗത്തിന്റെ ശുചീകരണം അന്തിമഘട്ടത്തിൽ. ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന മാലിന്യം മാറ്റൽ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. 63 ലക്ഷം രൂപ ചെലവിട്ടാണ് മൂന്നുമാസംകൊണ്ട് ശുചീകരണം പൂർത്തിയാക്കുന്നത്.

1200 ഘന മീറ്റർ മാലിന്യം നീക്കംചെയ്തിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. കൂടാതെ ആമയിഴഞ്ചാൻതോട്ടിലൂടെ ഒഴുകിവന്ന പ്ലാസ്റ്റിക് കുപ്പികൾ ദിവസവും മാറ്റുന്നുണ്ടായിരുന്നു. ഈ പ്ലാസ്റ്റിക്കും തോട്ടിൽ അടിഞ്ഞുകിടന്ന പ്ലാസ്റ്റിക്കും വേർതിരിച്ച് കോർപ്പറേഷൻ നിയോഗിച്ച കമ്പനി കൊണ്ടുപോയി. മണ്ണും മറ്റു മാലിന്യങ്ങളും സർക്കാർ നിർദേശിച്ച സ്ഥലങ്ങളിൽ നികത്തലിന് ഉപയോഗിച്ചു.

മൊത്തം 140 മീറ്ററിലാണ് റെയിൽവേയുടെ സ്ഥലത്തുകൂടി ആമയിഴഞ്ചാൻതോട് ഒഴുകുന്നത്. ഇതിൽ 117 മീറ്ററാണ് തുരങ്കഭാഗം. തുരങ്കത്തിന്റെ രണ്ടുഭാഗത്തും ബണ്ട് ഉപയോഗിച്ച് അടച്ചശേഷം അകത്തെ വെള്ളം പമ്പ് ചെയ്തു മാറ്റിയാണ് മാലിന്യം മാറ്റിയത്. ആദ്യം തൊഴിലാളികളെ ഇറക്കി മാലിന്യം നീക്കി. തുടർന്നാണ് ചെറിയ മണ്ണുമാന്തിയന്ത്രങ്ങൾ തുരങ്കത്തിനകത്ത് ഇറക്കി മാലിന്യം മാറ്റിയത്.

ആമയിഴഞ്ചാൻതോട്ടിലേക്ക് പല ഭാഗത്തുനിന്നു വന്നുചേരുന്ന ഓടകളിലൂടെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം വൻതോതിൽ എത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇതു തടഞ്ഞില്ലെങ്കിൽ വീണ്ടും മാലിന്യം അടിഞ്ഞ് ആമയിഴഞ്ചാൻതോട്ടിലെ ഒഴുക്ക് നിലയ്ക്കുമെന്നും ഇവർ പറയുന്നു.

ശുചീകരണത്തൊഴിലാളിയായ ജോയി ആമയിഴഞ്ചാൻ തോട്ടിൽ വീണു മരിച്ചതോടെയാണ് ഈ ഭാഗം ശുചീകരിക്കാൻ തീരുമാനിച്ചത്. സംസ്ഥാന സർക്കാരാണ് ഇതിനുവേണ്ട തുക അനുവദിച്ചത്.