വയനാട് ഡി സി സി ട്രഷറർ എൻ എം വിജയൻ്റെ മരണത്തിൽ പ്രതിചേ‍ർക്കപ്പെട്ട കോൺഗ്രസ് നേതാക്കളെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വാക്കാൻ നിർദ്ദേശം നൽകിയത്.  ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ്റെയും എംഎൽഎ ഐ സി ബാലകൃഷ്ണൻ്റെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. 

കേസ് ഡയറി ജനുവരി 15 ന് ഹാജരാക്കാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. ഇതിനിടെ ഐസി ബാലകൃഷ്ണൻ ഒളിവിലല്ലെന്നും പൊലീസ് സുരക്ഷയുള്ള ആളാണ് എംഎൽഎയെന്നും അദ്ദേഹത്തിൻ്റെ അഭിഭാഷകൻ പ്രതികരിച്ചു. പൊലീസ് ഇതുവരെ അദ്ദേഹത്തോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അഭിഭാഷകൻ അറിയിച്ചു.

ഇന്നലെ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെയും ഡിസിസി പ്രസിഡൻ്റ് എന്‍ ഡി അപ്പച്ചനെയും കെകെ ഗോപിനാഥനെയും  പൊലീസ് പ്രതി ചേര്‍ത്തിരുന്നു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തത്. കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ.