ജനുവരി 22ന് കൊല്‍ക്കത്തയില്‍ ആരംഭിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്ബരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശസ്ത്രക്രിയെ തുടർന്ന് ഏറെക്കാലമായി ടീമില്‍നിന്നു വിട്ടുനിന്ന ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തി. 2023ല്‍ അഹമ്മദാബാദില്‍ നടന്ന ലോകകപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. വിജയ് ഹസാരെ ട്രോഫിയിലടക്കം കാഴ്ചവച്ച മികച്ച പ്രകടനമാണ് 34 കാരനായ താരത്തിന് വഴിതുറന്നത്.

ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണ്‍ ഒന്നാം വിക്കറ്റ് കീപ്പറായി ടീമില്‍ തുടരും. ജിതേഷ് ശർമ്മയ്ക്ക് പകരക്കാരനായി ധ്രുവ് ജൂറല്‍ രണ്ടാം വിക്കറ്റ് കീപ്പറായി ടീമില്‍ ഇടംനേടി. അതേസമയം, ഋഷഭ് പന്തിനെയും ഓള്‍റൗണ്ടർ ശിവം ദുബെയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഓസ്ട്രേലിയൻ പര്യടനത്തില്‍ തളങ്ങിയ ഓള്‍റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയാണ് ടീമിലെത്തിയ മറ്റൊരു താരം. രമണ്‍ദീപ് സിങ്ങിന് പകരക്കാരനായാണ് താരത്തെ ടീമിലെത്തിച്ചത്. അഭിഷേക് ശർമ്മയ്ക്ക് പകരം യശസ്വി ജയ്സ്വാളിനെ ടോപ് ഓർഡറിലേക്ക് പരിഗണിച്ചിട്ടുണ്ട്. പരിക്കിനെ തുടർന്ന് റിയാൻ പരാഗ് പരമ്ബരയില്‍ നിന്ന് വിട്ടുനില്‍ക്കും.

ഇന്ത്യൻ ടി20 ടീം

സൂര്യകുമാർ യാദവ്, സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, തിലക് വർമ്മ, നിതീഷ് റെഡ്ഡി, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, ഹർഷിത് റാണ, ധ്രുവ് ജുറല്‍, റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേല്‍, രവി ബിഷ്ണോയ്, വരുണ്‍ ചക്രവർത്തി.