ജനുവരി 20-ന് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയാണ്. ചടങ്ങിന് മുന്നോടിയായി വാഷിങ്ടൺ ഡിസിയിൽ നടക്കുന്ന വിരുന്നിൽ പങ്കെടുക്കാനെത്തി റിലയൻസ് മേധാവി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും. ഇരുവരുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

പിങ്ക് ബോർഡറുള്ള കറുപ്പ് സാരിയും കോടികൾ മൂല്യമുള്ള മരതകക്കല്ലു പതിച്ച മാലയുമണിഞ്ഞാണ് നിത അംബാനി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയത്. കറുത്ത സ്യൂട്ടാണ് മുകേഷ് അംബാനി ധരിച്ചിരിക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലും ഇരുവരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ കൽപേഷ് മേത്തയാണ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ട്രംപിനൊപ്പമുള്ള ചിത്രങ്ങളും മേത്ത പങ്കുവെച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്യുന്നതോടനുബന്ധിച്ച് നടക്കുന്ന ‘കാൻഡിൽലൈറ്റ് ഡിന്നറി’ൽ പങ്കെടുക്കുന്നത് പ്രത്യേക ക്ഷണിതാക്കളായ 100 അതിഥികളാണ്.

മുകേഷ് അംബാനിയെ കൂടാതെ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും ലോകത്തെ പ്രമുഖ ബിസിനസുകാരും വിരുന്നിൽ പങ്കെടുക്കുന്നുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി നടന്ന വർണാഭമായ വെടിക്കെട്ട് കണ്ടാസ്വദിക്കുന്ന ട്രംപിനേയും ഭാര്യ മെലാനിയയേയും മറ്റൊരു വീഡിയോയിൽ കാണാം.