തായ്പേയ്: തായ്വാന് സമീപം വീണ്ടും ചൈനയുടെ സൈനിക ശക്തി പ്രകടനം. ദ്വീപിന് ചുറ്റും ഒമ്പത് ചൈനീസ് വിമാനങ്ങളും ആറ് നാവിക കപ്പലുകളും കണ്ടെത്തിയതായി തായ്വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അവയിൽ നാല് വിമാനങ്ങൾ മീഡിയൻ ലൈൻ കടന്ന് തായ്വാൻ്റെ തെക്കുപടിഞ്ഞാറൻ, കിഴക്കൻ എയർ ഡിഫൻസ് ഐഡൻ്റിഫിക്കേഷൻ സോണിൽ (ADIZ) പ്രവേശിച്ചു.
ശനിയാഴ്ച പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) 17 വിമാനങ്ങളും ആറ് നാവിക കപ്പലുകളും , ദ്വീപിന് ചുറ്റും എംഎൻഡി കണ്ടെത്തിയിരുന്നു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമായ പ്രതികരണം നടത്തിയെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതിനിടെ തായ്വാനിലെ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിന് മുകളിലൂടെ ഉപഗ്രഹം വഹിച്ചുകൊണ്ടുള്ള റോക്കറ്റ് വിക്ഷേപിക്കാൻ ചൈന ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ചൈന പത്തിലധികം ഉപഗ്രഹങ്ങളെങ്കിലും തായ്വാനിലൂടെയോ അതിന്റെ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിലൂടെയോ വിക്ഷേപിച്ചിട്ടുണ്ട്. എന്നാൽ, ഈ വിക്ഷേപണങ്ങളൊന്നും തായ്വാന്റെ സുരക്ഷയ്ക്ക് ഭീഷണിയായിട്ടില്ലെന്നാണ് വിലയിരുത്തൽ. തായ്വാനെ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമായാണ് ചൈന കാണുന്നത്. അതേസമയം, തങ്ങള്‍ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാണെന്ന നിലപാടിലാണ് തായ്വാന്. സ്വയംഭരണാവകാശ മേഖലയായ തായ്വാന് ദ്വീപ് തങ്ങളുടേതാണെന്നാണ് നാളുകളായുള്ള ചൈനയുടെ അവകാശവാദം. ഇതിനെ തായ്വാന് അംഗീകരിക്കുന്നില്ല.