ജര്‍മന്‍ ബസ് കമ്പനിയായ ഫ്ളിക്സ്ബസ് (FlixBus) ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വീസിന് തുടക്കം കുറിച്ചു. ബെംഗളൂരു-ആലപ്പുഴ റൂട്ടിലാണ് ഈ ആഡംബര ബസ് സര്‍വീസ്. രാത്രി 8.35നാണ് ബംഗളൂരുവില്‍ നിന്ന് സര്‍വീസ് തുടങ്ങുന്നത്. പിറ്റേദിവസം രാവിലെ 10.05ന് ആലപ്പുഴത്തിയെത്തും. ഇവിടെ നിന്ന് അന്ന് രാത്രി 7.30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.25ന് ബംഗളൂരുവില്‍ തിരിച്ചെത്തും.
ആലപ്പുഴ-ബെംഗളൂരു റൂട്ടില്‍ യാത്രനിരക്ക് ഫ്ളിക്സ്ബസ് വെബ്സൈറ്റ് വഴി ബുക്ക് ചെയ്യുമ്പോള്‍ 1,400 രൂപയാണ്. കൃഷ്ണഗിരി, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശ്ശൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. വരും മാസങ്ങളില്‍ കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസ് നടത്താന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗതാഗതരംഗത്ത് ശ്രദ്ധയൂന്നിയുള്ള നീക്കങ്ങളാണ് കമ്പനി നടത്തുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വീസുകള്‍ക്കാണ് മുന്‍തൂക്കം. കഴിഞ്ഞ സെപ്റ്റംബറില്‍ ബംഗളൂരുവില്‍നിന്ന് ചെന്നൈ, ഹൈദരാബാദ്, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് ആരംഭിച്ചിരുന്നു.
എന്താണ് ഫ്ളിക്സ് ബസ്?
ദീര്‍ഘദൂര ബസ് യാത്രകള്‍ക്കായി യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, തുര്‍ക്കി എന്നിവിടങ്ങളില്‍ ആരംഭിച്ച ട്രാവല്‍ ടെക്-കമ്പനിയാണ് ഫ്ളിക്സ് ബസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ച ഫ്ളിക്സ് ബസ് 2024 ഫെബ്രുവരിയിലാണ് ഇന്ത്യയിലെത്തുന്നത്. കമ്പനി സര്‍വീസ് നടത്തുന്ന 43-ാമത്തെ രാജ്യമാണ് ഇന്ത്യ.കഴിഞ്ഞ മാസമാണ് ദക്ഷിണേന്ത്യയിലെ 33 നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ആറ് പുതിയ റൂട്ടുകള്‍ ഫ്ളിക്സ്ബസ് പ്രഖ്യാപിച്ചത്. നിലവില്‍ 101 ദക്ഷിണേന്ത്യന്‍ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 200 റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നുണ്ട്.