ഷാരോൺ രാജ് വധക്കേസിൽ കോടതി വധശിക്ഷ വിധിച്ചെങ്കിലും നിർവികാരയായി ഗ്രീഷ്മ. പരമാവധി ശിക്ഷ വിധിച്ചപ്പോഴും വിധികേട്ട് ഗ്രീഷ്മ ഒന്നും പ്രതികരിച്ചില്ല. എന്നാൽ കോടതി വിധി പറഞ്ഞതോടെ ഷാരോണിൻ്റെ അച്ഛനും അമ്മയും പൊട്ടിക്കരഞ്ഞു. ഇന്ന് ഷാരോണിൻ്റെ കുടുംബം കോടതിയിലെത്തിയിരുന്നു. ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കു കയറും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മലകുമാരൻ നായർക്ക് 3 വർഷം തടവുമാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
പ്രതിയുടെ പ്രായം പരിഗണിക്കാൻ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും വ്യക്തമാക്കിക്കൊണ്ടാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം പരിഗണിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ കോടതി നേരത്തേ വെറുതേവിട്ടിരുന്നു. കൊല നടത്താന്‍ ഗ്രീഷ്മയെ സഹായിച്ചുവെന്നായിരുന്നു അമ്മ സിന്ധുവിനെതിരേയും അമ്മാവന്‍ നിര്‍മല്‍കുമാരനെതിരേയുമുള്ള കുറ്റം.
586 പേജുള്ള വിധിപ്രസ്താവമാണുള്ളത്. ദൃസാക്ഷികൾ ഇല്ലാത്തൊരു കേസിൽ സാഹചര്യതെളിവുകളെ അതിസമർത്ഥമായി കൂട്ടിക്കെട്ടിക്കൊണ്ട് പ്രതി കുറ്റം ചെയ്തതായി തെളിയിക്കാൻ അന്വേഷണസംഘത്തിനായെന്നു പറഞ്ഞ കോടതി, പോലീസിനെ അഭിനന്ദിച്ചു.