അമേരിക്കയുടെ വൈസ് പ്രസിഡന്റായി ജെ.ഡി. വാൻസ് ചുമതലയേറ്റു. ഇന്ത്യൻ വംശജയായ ഉഷ ചിലുകുരിയാണ് അദ്ദേഹത്തിന്റെ ഭാര്യ. വാൻസ് ഈ പദവിയിലെത്തുന്നതോടെ, യു.എസിന്റെ ആദ്യ ഇന്ത്യൻ-അമേരിക്കൻ സെക്കൻഡ് ലേഡി എന്ന നേട്ടം ഉഷയ്ക്ക് സ്വന്തമാകും. 2010-ൽ യേൽ ലോ സ്കൂളിൽ സഹപാഠികളായിരുന്ന വാൻസും ഉഷയും പഠനംപൂർത്തിയായി ഒരുകൊല്ലത്തിനു ശേഷം 2014-ലാണ് വിവാഹിതരാകുന്നത്.
1980-കളിൽ യു.എസിലേക്ക് കുടിയേറിയ ചിലുകുരി രാധാകൃഷ്ണയുടെയും ലക്ഷ്മിയുടെയും മകളാണ് ഉഷ. ആന്ധ്രപ്രദേശിലാണ് ഇവരുടെ കുടുംബവേരുകൾ. ഉഷയെ കണ്ടതിനേക്കുറിച്ചും അവരുടെ കുടുംബത്തെ പരിചയപ്പെട്ടതിനേക്കുറിച്ചുമൊക്കെ 2016-ൽ പ്രസിദ്ധീകരിച്ച ഹിൽബിലി എലെജി എന്ന ഓർമക്കുറിപ്പുകളിൽ വാൻസ് പറയുന്നുണ്ട്. ഇന്ത്യൻ കുടിയേറ്റക്കാരുടെ അതിസമർഥയായ മകൾ എന്നാണ് ഓർമക്കുറിപ്പിൽ വാൻസ്, ഉഷയെ വിശേഷിപ്പിക്കുന്നത്.
താങ്ക്സ് ഗിവിങ്ങിനാണ് ഉഷയുടെ കുടുംബത്തെ വാൻസ് ആദ്യമായി സന്ദർശിക്കുന്നത്. വീട്ടിലെ ശാന്തമായ അന്തരീക്ഷംകണ്ട് ആശ്ചര്യപ്പെട്ടുപോയെന്ന് അദ്ദേഹം പറയുന്നു. ‘ഉഷയുടെ അച്ഛനെ കുറിച്ച്, അവരുടെ അമ്മ അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ പരാതികളൊന്നും പറഞ്ഞില്ല. കുടുംബസുഹൃത്തുക്കൾ കള്ളം പറയുന്നവരോ പിന്നിൽനിന്ന് കുത്തുന്നവരോ ആണെന്ന വിധത്തിലുള്ള പരാമർശങ്ങളുണ്ടായില്ല. ഒരു വ്യക്തിയുടെ ഭാര്യയും അദ്ദേഹത്തിന്റെ സഹോദരിയും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നില്ല. ഉഷയുടെ മാതാപിതാക്കൾ അവളുടെ മുത്തശ്ശിയെ ശരിക്കും ഇഷ്ടപ്പെട്ടിരുന്നു. സഹോദരങ്ങളേക്കുറിച്ച് അവർ സ്നേഹത്തോടെയാണ് സംസാരിച്ചിരുന്നത്’, വാൻസ് ഓർമക്കുറിപ്പിൽ പറയുന്നു.
ഉഷയുടേതിൽനിന്ന് തീർത്തും വ്യത്യസ്തമായ കുടുംബാന്തരീക്ഷമായിരുന്നു വാൻസിന്റേത്. അമ്മയുടെ മയക്കുമരുന്ന് ഉപയോഗത്തേക്കുറിച്ചും മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മദ്യപാനശീലത്തേക്കുറിച്ചും വാൻസ് പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ഉഷയുടെ കുടുംബത്തിലെ ശാന്തമായ അന്തരീക്ഷം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അദ്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു.
ഉഷയുടെ പിതാവ് രാധാകൃഷ്ണ, ഐ.ഐ.ടി. മദ്രാസിൽനിന്നാണ് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയത്. മോളിക്ക്യുലാർ ബയോളജിസ്റ്റായിരുന്നു അമ്മ ലക്ഷ്മി. സാൻഡിയാഗോയിലായിരുന്നു ഉഷയും കുടുംബവും താമസിച്ചിരുന്നത്. വാൻസ് വൈസ് പ്രസിഡന്റാകുന്നതോടെ യു.എസിന്റെ സെക്കൻഡ് ലേഡി ആകുന്ന ആദ്യ ഹിന്ദുവനിത എന്ന വിശേഷണവും ഉഷയ്ക്കു ലഭിക്കും.