യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വാഷിംഗ്ടണിലെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍, ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ്, ജാപ്പനീസ് വിദേശകാര്യ മന്ത്രി ഇവായ തകേഷി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ക്വാഡ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ ഈ യോഗം അന്ത്യന്തം പ്രാധാന്യമുള്ളതാണ്. സഹകരണം ശക്തിപ്പെടുത്തുന്നതിലും ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുദ്ദേശിച്ചുള്ള ചര്‍ച്ചകളാണ് യോഗത്തില്‍ നടന്നത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാനാണ് എസ് ജയശങ്കറും മറ്റ് ക്വാഡ് വിദേശകാര്യ മന്ത്രിമാരും വാഷിംഗ്ടണില്‍ എത്തിയത്. ഇന്ത്യയെ പ്രതിനിധീകരിച്ച എസ് ജയശങ്കറിന് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ വലിയ പ്രാമുഖ്യമാണ് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശവുമായാണ് ജയശങ്കര്‍ യുഎസില്‍ എത്തിയിരിക്കുന്നത്. 

യുഎസ്, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ചൈനയുടെ സമുദ്ര വെല്ലുവിളികള്‍ നേരിടാന്‍ തയാറാക്കിയിരിക്കുന്ന ചതുര്‍രാഷ്ട്ര സഖ്യമാണ് ക്വാഡ്. ട്രംപ് ഏറെ പ്രാധാന്യം ഈ സഖ്യത്തിന് നല്‍കുന്നുണ്ട്.