വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ വാട്‌സ്ആപ്പില്‍ നിന്ന് നേരിട്ട് ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും പങ്കുവെക്കാനുള്ള സംവിധാനം ഉടന്‍. സ്റ്റാറ്റസ് ഇട്ടുകഴിഞ്ഞാല്‍ സ്റ്റാറ്റസ് ഇന്‍റര്‍ഫേസിലെ മൂന്ന് ഡോട്ട് മാര്‍ക്കുകളില്‍ ക്ലിക്ക് ചെയ്ത് അത് ഫേസ്ബുക്ക് സ്റ്റോറിയും ഇന്‍സ്റ്റ സ്റ്റോറിയുമായി നേരിട്ട് ഷെയര്‍ ചെയ്യാനുള്ള സൗകര്യമാണ് ഉപഭോക്താക്കള്‍ക്കായി അണിയറയില്‍ ഒരുക്കുന്നത് എന്ന് മെറ്റ അറിയിച്ചു.
മെറ്റയുടെ അക്കൗണ്ട് സെന്‍ററിലേക്ക് വാട്‌സ്ആപ്പ് കൂടി ചേര്‍ക്കപ്പെടുകയാണ്. ഇതോടെ വാട്സ്ആപ്പ് മെറ്റയുടെ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമുമായി നേരിട്ട് കണക്റ്റ് ചെയ്യപ്പെടും. വരും മാസങ്ങള്‍ക്കുള്ളില്‍ പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് ആഗോളതലത്തില്‍ പുറത്തിറക്കും. ഇതോടെ വാട്സ്ആപ്പില്‍ ഇടുന്ന സ്റ്റാറ്റസ് അവിടെ നിന്നുതന്നെ നേരിട്ട് ഇന്‍സ്റ്റയിലേക്കും ഫേസ്ബുക്കിലേക്കും സ്റ്റോറികളായി ഷെയര്‍ ചെയ്യാം. ഉപഭോക്താക്കള്‍ക്ക് ഈ ഓപ്ഷന്‍ എനാബിള്‍ ചെയ്യാനും ഡിസേബിള്‍ ചെയ്യാനുമുള്ള ഓപ്ഷനുണ്ടാകും. അതിനാല്‍ ഉപഭോക്താക്കളുടെ സൗകര്യം അനുസരിച്ച് മാത്രം പുത്തന്‍ ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്താല്‍ മതിയാകും.
വാട്സ്ആപ്പിനെ മെറ്റയുടെ അക്കൗണ്ട് സെന്‍ററുമായി ബന്ധിപ്പിക്കുമ്പോഴും വാട്‌സ്ആപ്പിലെ വിവരങ്ങള്‍ പൂര്‍ണ സുരക്ഷിതമായിരിക്കും എന്ന് മെറ്റ വ്യക്തമാക്കി. വാട്സ്ആപ്പ് ചാറ്റുകളും കോളുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയി തുടരും എന്നാണ് മെറ്റയുടെ വാദം. മെറ്റയുടെ വിവിധ പ്ലാറ്റ്‌ഫോമുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള മറ്റനേകം ഫീച്ചറുകളുടെയും പണിപ്പുരയിലാണ് എന്ന് മെറ്റ അറിയിച്ചു. അവതാറുകളും മെറ്റ എഐ സ്റ്റിക്കറുകളും എല്ലാ പ്ലാറ്റ‌്ഫോമുകളിലും വര്‍ക്കായിത്തുടങ്ങും. മെറ്റയുടെ വിവിധ പ്ലാറ്റ്‌ഫോമുകളെ പരസ്പരം കണക്റ്റ് ചെയ്തിരിക്കുന്ന സംവിധാനമാണ് മെറ്റ അക്കൗണ്ട് സെന്‍റര്‍. കമ്പനിയുടെ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെയും ഒരു കുടക്കീഴിലാക്കുകയാണ് മെറ്റ ഇതിലൂടെ ചെയ്യുന്നത്.