തിരുവനന്തപുരം കഠിനംകുളത്ത് ആതിരയെന്ന യുവതിയെ കുത്തിക്കൊന്ന കേസിലെ പ്രതിയെ തേടി പോലീസ്.  കൃത്യമായ, വ്യക്തമായ ഉത്തരം 40 മണിക്കൂറായിട്ടും പൊലീസിനില്ല. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ആൺ സുഹൃത്താണ് 30 കാരി ആതിരയെ കൊന്നതെന്ന് പൊലീസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. 

എന്നാൽ കൃത്യം നടത്തിയ ശേഷം പ്രതി രക്ഷപ്പെട്ട സ്കൂട്ടർ കണ്ടെത്തി. കൊല്ലപ്പെട്ട ആതിരയുടെ സ്കൂട്ടറാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. ഇഥുമായി ബന്ധപ്പെട്ട് ആതിരയുടെ ഭർത്താവിൻ്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. പ്രതിയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ വൈകുന്നേരത്തോടെയാണ് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു സമീപത്തുനിന്ന് വാഹനം കണ്ടെത്തുന്നത്. ഇന്നലെ രാവിലെയാണ് കൊലപാതകം. പിന്നീട് വീട്ടിലുണ്ടായിരുന്ന സ്കൂട്ടറുമായി പ്രതി രക്ഷപ്പെടുകയായിരുന്നു. എറണാകുളം സ്വദേശിയായ പ്രതി ട്രെയിനിൽ രക്ഷപ്പെട്ടെന്നാണ് പൊലീസ് നിഗമനം.

ഇയാൾ ആതിരയുടെ ഇൻസ്റ്റാഗ്രാം സുഹൃത്താണെന്ന നിഗമനത്തിലാണ് പൊലീസ്. സ്റ്റേഷനിലെത്തിച്ച സ്കൂട്ടർ ഇന്ന് തുറന്നു പരിശോധിക്കും. അതിനിടെ, പെരുമാതുറയിൽ ഇയാൾ താമസിച്ചിരുന്ന വീട് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അവിടെ നിന്നും തിങ്കളാഴ്ച വൈകുന്നേരമാണ് ഇയാൾ പുറത്തുപോയത്. പിന്നീട് മടങ്ങിയെത്തിയിട്ടില്ല. ഈ വീട് വാടകയ്ക്കെടുത്തിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളുവെന്നാണ് വിവരം.