സംസ്ഥാന സ്കൂൾ കായികമേളയിൽ രണ്ട് സ്കൂളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. സമാപന സമ്മേളന വേദിയിൽ പ്രതിഷേധിച്ച സ്കൂളുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിലക്ക് പിൻവലിച്ചുള്ള ഉത്തരവ് ഒരാഴ്ചയ്ക്കകം ഇറങ്ങും.

തിരുനാവായ നാവാമുകുന്ദ, കോതമംഗലം മാർ ബേസിൽ സ്കൂളുകളുടെ വിലക്കാണ് നീങ്ങുന്നത്. കമ്മിറ്റി റിപ്പോർട്ടിന് ശേഷം അധ്യാപകർക്കെതിരായ നടപടി പുനഃപരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. വിലക്ക് പിൻവലിക്കാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് നേരത്തെ എടുത്തിരുന്നുവെന്നും മന്ത്രി അറിയിച്ചു.

ഒളിമ്പിക്‌സ് മാതൃകയിൽ നടന്ന സംസ്ഥാന സ്‌കൂൾ കായിക മേളയുടെ സമാപന ചടങ്ങിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് സ്കൂളുകൾ കത്ത് നൽകിയിരുന്നു. മേലിൽ അത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും കത്തിൽ വ്യക്തമാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ആൻ്റണി ജോൺ എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.