കാലിഫോർണിയ: ലോസ് ഏഞ്ചല്‍സിലെ കാട്ടുതീ ബാധിത പ്രദേശങ്ങള്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സന്ദർശിച്ചു. പ്രഥമവനിത മെലാനിയയ്‌ക്കൊപ്പമായിരുന്നു ട്രംപിന്റെ സന്ദർശനം.
കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമുമായും ട്രംപ് കൂടിക്കാഴ്ച നടത്തി. കാട്ടുതീ നിയന്ത്രണത്തിന്റെ പേരിൽ ഇരുവരും തമ്മിൽ മുൻപ് വലിയ വാഗ്‌വാദമുണ്ടായിരുന്നു. ട്രംപ് പരസ്യമായി ന്യൂസോമിനെ വിമർശിച്ചതും ന്യൂസോം മറുപടി നൽകിയതുമെല്ലാം വലിയ വാർത്തകളായിരുന്നു. മേഖലയിൽ സന്ദർശനം നടത്തിയ ട്രംപ് കാട്ടുതീ പൂർണമായും നിയന്ത്രണവിധേയമാക്കുമെന്നും വേണ്ട സഹായങ്ങൾ ഉടൻ ലഭ്യമാക്കുമെന്നും അറിയിച്ചു.
കാലിഫോര്‍ണിയയിലെ ജലവിതരണവുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവയ്ക്കമെന്നും ട്രംപ് പറഞ്ഞു. തുടർന്ന് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ കാലയളവിൽ നിലവിൽ വന്ന ഫെഡറൽ എമർജൻസി മാനേജ്‌മന്റ് ഏജൻസിയെ ട്രംപ് കണക്കറ്റ് വിമർശിക്കുകയും ചെയ്തു. കാട്ടുതീ നിയന്ത്രണങ്ങളിൽ ഉണ്ടായ പാളിച്ചകളായിരുന്നു വിമർശനത്തിന് കാരണം.
അതേസമയം, ലോസ് ഏഞ്ചൽസിലെ കാസ്റ്റായിക് തടാകത്തിന് സമീപം പടർന്നുപിടിക്കുന്ന കാട്ടുതീ ഇനിയും പൂർണമായും അണയ്ക്കാനായിട്ടില്ല. 10,176 ഏക്കർ പ്രദേശം ഇതിനകം കത്തി നശിച്ചതായാണ് റിപ്പോർട്ട്. ഇത് ഇനിയും വർധിക്കും. ഏതാണ്ട് 50,000-ത്തിലധികം ആളുകളെ ഒഴിപ്പിള്ളാനുള്ള മുന്നറിയിപ്പാണ് നിലവിൽ നൽകിയിട്ടുണ്ട്. ഗുരുതരമായ തീപിടുത്ത സാഹചര്യങ്ങൾ ഉളളതിനാൽ റെഡ് ഫ്ലാഗ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.