റെയിൽവെയിൽ വൻ വികസന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവെ സുരക്ഷയ്ക്കായി 1.16 ലക്ഷം കോടി രൂപ റെയിൽ ബജറ്റിൽ വകയിരുത്തിയതായി പ്രഖ്യാപിച്ച അദ്ദേഹം മെച്ചപ്പെട്ട സേവനം നൽകുന്നതിനായി 50 നമോ ഭാരത് ട്രെയിനുകളും 200 വന്ദേ ഭാരത് ട്രെയിനുകളും കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു.

കേരളത്തിന് റെയിൽ വികസനത്തിനായി 3042 കോടി രൂപ നീക്കിവെച്ചെന്നും അദ്ദേഹം പറഞ്ഞു. റെയിൽവെയിൽ 15742 കോടി രൂപയുടെ വികസനം നടത്തി. 35 സ്റ്റേഷനുകൾ നവീകരിച്ചു. പുതിയ 14000 അൺറിസർവർഡ് കോച്ചുകൾ നിർമ്മിച്ചു. 100 കിലോമീറ്റർ ദൂരത്തിൽ നമോ ഭാരത് ട്രെയിനുകളുടെ ഷട്ടിൽ സർവീസാണ് റെയിൽവെയിൽ വരുന്ന പ്രധാന മാറ്റം. രാജ്യത്താകെ ഇത്തരത്തിൽ 50 ട്രെയിനുകൾ കൊണ്ടുവരും. 200 പുതിയ വന്ദേ ഭാരത് ട്രെയിനുകളും 100 പുതിയ അമൃത് ഭാരത് ട്രെയിനുകളും കൊണ്ടുവരുമെന്നും അദ്ദേഹം ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേരളവുമായി ബന്ധപ്പെട്ട് നിലമ്പൂർ – നഞ്ചൻകോട്  പദ്ധതി നടത്തിപ്പിലാണ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ എത്തും. കേരളത്തിലേക്ക്  കൂടുതൽ ട്രെയിനുകൾ എത്തിക്കുന്നത് പരിഗണനയിലാണ്. ശബരി റെയിൽവേ പാത യുടെ കാര്യത്തിൽ ത്രികക്ഷി കരാറിൽ ഏർപെടാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിൻ്റെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് 2009 മുതൽ 2014 വരെ യുപിഎ സർക്കാരിൻ്റെ കാലത്ത് ശരാശരി 372 കോടി രൂപ മാത്രമാണ് നീക്കിവച്ചതെന്ന് ചൂണ്ടിക്കാട്ടിയ റെയിൽവെ മന്ത്രി,  മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം 125 കിലോമീറ്റർ പാത നിർമിച്ചതായും 493 കിലോമീറ്റർ വൈദ്യുതീകരിച്ചതായും പറഞ്ഞു. സംസ്ഥാനം പൂർണമായും വൈദ്യുതീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

എട്ട് പുതിയ പാതകളുടെ പദ്ധതികൾ നടത്തിപ്പിലാണെന്നും 419 കിലോമീറ്റർ ആകെ ദൂരം വരുന്ന ഈ പദ്ധതികൾക്കായി 12350 കോടി രൂപ ചെലവ് കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ 35 സ്റ്റേഷനുകൾ അമൃത് സ്റ്റേഷനുകളായി വികസിപ്പിക്കുന്നതിന് 2560 കോടി രൂപ ചെലവാക്കി. 2014 ന് ശേഷം 114 റെയിൽ ഫ്ലൈ ഓവറുകളും പാലങ്ങളും അടിപ്പാതകളും നിർമിച്ചു. 51 ലിഫ്റ്റും 33 എസ്കലേറ്ററുകളും സ്ഥാപിച്ചു. 120 സ്റ്റേഷനുകളിൽ വൈ ഫൈ സംവിധാനം കൊണ്ടുവന്നു. രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നതും നേട്ടമായി റെയിൽവെ മന്ത്രി വിശദീകരിച്ചു.

ആലപ്പുഴ, അങ്ങാടിപ്പുറം, അങ്കമാലി ഫോർ കാലടി, ചാലക്കുടി, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, ചിറയിനിക്കിൽ, എറണാകുളം, എറണാകുളം ടൗൺ, ഏറ്റുമാനൂർ, ഫറോക്ക്, ഗുരുവായൂർ, കണ്ണൂർ, കാസർകോട്, കായംകുളം, കൊല്ലം, കോഴിക്കോട് മെയിൻ (കാലിക്കറ്റ്), കുറ്റിപ്പുറം, മാവേലിക്കര, നെയ്യാറ്റിൻകര, നിലമ്പൂർ റോഡ്, ഒറ്റപ്പാലം, പരപ്പനങ്ങാടി, പയ്യന്നൂർ, പുനലൂർ, ഷൊർണൂർ , തലശ്ശേരി, തിരുവനന്തപുരം, തൃശൂർ, തിരൂർ, തിരുവല്ല, തൃപ്പൂണിത്തുറ, വടകര, വർക്കല, വടക്കാഞ്ചേരി എന്നീ സ്റ്റേഷനുകളാണ് അമൃത് സ്റ്റേഷനുകളായി വികസിപ്പിക്കുന്നത്.