കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ജനകീയ കാൻസർ ക്യാമ്പയിൻ ആരംഭിച്ചു. കാൻസർ നേരത്തെ കണ്ടെത്തുന്നതിന് സംസ്ഥാനം നടത്തുന്ന വലിയ ചുവടുവയ്പ്പാണിത്. സർക്കാർ, സ്വകാര്യ മേഖലകൾ സഹകരിച്ച് കൊണ്ടാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ആദ്യഘട്ട ക്യാമ്പയിൻ സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. ഈ കാലയളവിൽ സ്ത്രീകളെ ബാധിക്കുന്ന സ്തനാർബുദം, സെർവിക്കൽ കാൻസർ എന്നിവയ്ക്ക് സ്ക്രീനിംഗ് നടത്തി പരിശോധനയും ചികിത്സയും ഉറപ്പാക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
നവകേരളം കർമ്മപദ്ധതി രണ്ട് ആർദ്രം മിഷന്റെ ഭാഗമായി ശൈലി ആപ്പ് വഴി ആരോഗ്യ വകുപ്പ് നടത്തിയ സ്ക്രീനിംഗിന്റെ ആദ്യഘട്ടത്തിൽ ഏകദേശം ഒമ്പത് ലക്ഷത്തോളം പേർക്ക് കാൻസർ രോഗ സാധ്യത ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ ഒമ്പത് ലക്ഷം പേരിൽ 1.5 ലക്ഷം ആളുകൾ മാത്രമാണ് തുടർ പരിശോധനയ്ക്ക് സന്നദ്ധമായിരുന്നത്. അതായത് സ്ക്രീനിംഗിൽ പങ്കെടുത്ത 7.5 ലക്ഷം പേരും തുടർ പരിശോധനയ്ക്ക് സന്നദ്ധമാകുന്നില്ല എന്നാണ് കണ്ടെത്തിയിട്ടുള്ളത്.