പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ പരിപാടിയെ അഭിനന്ദിക്കുകയും ഇത് നല്ല ആശയമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്ത് രാഹുൽ ഗാന്ധി. പക്ഷേ, അത് നടപ്പിലാക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. പാർലമെൻ്റിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടി പറയവെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
“പ്രധാനമന്ത്രി ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി നിർദ്ദേശിച്ചു, അത് നല്ല ആശയമാണെന്ന് ഞാൻ കരുതുന്നു… ഫലം നിങ്ങളുടെ മുന്നിലുണ്ട്, 2014 ലെ ജിഡിപിയുടെ 15.3% ഉൽപ്പാദനം ഇന്ന് ജിഡിപിയുടെ 12.6% ആയി കുറഞ്ഞു. 60 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഉൽപ്പാദന വിഹിതമായി. ഞാൻ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നില്ല, അദ്ദേഹം ശ്രമിച്ചു, പക്ഷേ അദ്ദേഹം പരാജയപ്പെട്ടു.” രാഹുൽ ഗാന്ധി പറഞ്ഞു.
ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിൽ ഒരു രാജ്യം എന്ന നിലയിൽ നമ്മൾ പരാജയപ്പെട്ട് ചൈനക്കാർക്ക് കൈമാറിയെന്നും രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചു.