അമേരിക്കയിലെ സിയാറ്റിൽ-ടക്കോമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജപ്പാൻ എയർലൈൻസ് വിമാനം ഡെൽറ്റ എയർലൈൻസ് വിമാനവുമായി കൂട്ടിയിടിച്ചു. ബുധനാഴ്ച രാവിലെ ജപ്പാൻ എയർലൈൻസ് പാർക്ക് ചെയ്യുകയായിരുന്ന ഡെൽറ്റ എയർലൈൻസിന്റെ വാലിൽ ഇടിക്കുകയായിരുന്നുവെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

സംഭവസമയത്ത് ജപ്പാൻ എയർലൈൻസ് വിമാനത്തിൽ 185ഉം ഡെൽറ്റ എയർലൈൻസ് വിമാനത്തിൽ 142 യാത്രക്കാരുമുണ്ടായിരുന്നു. രാവിലെ 10.17ഓടെയാണ് സംഭവം. ജപ്പാൻ എയർലൈൻസ് വിമാനത്തിന്റെ ചിറക് ഡെൽറ്റ വിമാനത്തിന്റെ വാൽ ഭാഗത്ത് ഇടിക്കുകയായിരുന്നു.

രണ്ട് വിമാനങ്ങളിലെയും മുഴുവൻ യാത്രക്കാരെയും താഴെയിറക്കിയതായും ജീവനക്കാർക്കോ യാത്രക്കാർക്കോ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. സംഭവം നടന്നത് പാർക്കിങ് ഏരിയയിൽ ആയതിനാൽ വിമാനത്താവള പ്രവർത്തനങ്ങളെ കുറച്ച് മാത്രമേ ബാധിച്ചിട്ടുള്ളൂ എന്ന് അധികൃതർ പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.