ആന്ധ്രപ്രദേശിലെ കടപ്പാ രൂപതയുടെ പുതിയ മെത്രാനായി രൂപതാവൈദികൻ പോൾ പ്രകാശ് സജിനലയെ പാപ്പാ നാമനിർദ്ദേശം ചെയ്തു. എട്ടാം തീയതി ശനിയാഴ്ച ആണ് ഫ്രാൻസീസ് പാപ്പാ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.

കടപ്പാ രൂപതയിൽപ്പെട്ട ബദ്വേൽ എന്ന സ്ഥലത്ത് 1960 നവമ്പർ 28-നായിരുന്നു നിയുക്തമെത്രാൻ പോൾ പ്രകാശ് സജിനലയുടെ ജനനം. ചെന്നൈയിലെ പൂനമല്ലിയിലെ തിരുഹൃദയ സെമിനാരിയിൽ വൈദികപഠനം പൂർത്തിയാക്കിയ അദ്ദേഹം ഡെൽഹി സർവ്വകലാശാലയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ഡിപ്ലോമ കരസ്ഥമാക്കുകയും 1987 ഏപ്രിൽ 27-ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.

ഇടവകയിൽ സഹവികാരി, വികാരി എന്നീ നിലകളിൽ അജപാലന ശുശ്രൂഷ നിർവ്വഹിച്ച അദ്ദേഹം റോമിലെത്തുകയും 1994-1998 വരെയുള്ള കാലയളവിൽ റോമിലെ ഉർബനിയാന പൊന്തിഫിക്കൽ സർവ്വകലാശാലയിൽ ചേരുകയും ബൈബിൾ ദൈവവിജ്ഞാനീയത്തിൽ ഡോക്ടറേറ്റു നേടുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം ഹൈദെരാബാദ് സെൻറ് ജോൺസ് സെമിനാരിയിൽ പ്രൊഫസർ ആയിരിക്കവെയാണ് കടപ്പാരൂപതയുടെ മെത്രാനായി നിയമിതനായത്.