2025 മാർച്ച് 9 മുതൽ 14 വരെ വത്തിക്കാനിലെ  പോൾ ആറാമൻ ശാലയിൽ വച്ച് നടക്കുന്ന റോമൻ കൂരിയയുടെ നോമ്പുകാല ധ്യാനത്തിൽ, പൊന്തിഫിക്കൽ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകനായ ഫാ. റൊബെർത്തോ  പസോളിനി ആദ്യദിന ധ്യാന ചിന്തകൾ പങ്കുവച്ചു.  ” നിത്യജീവന്റെ പ്രത്യാശ ” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഫാ. റൊബെർത്തോ സംസാരിച്ചത്. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിൽ അടിസ്ഥാനപ്പെടുത്തി സഭയുടെ വിശ്വാസം, മരണത്തെ ജയിക്കുന്ന ജീവന്റെ പ്രത്യാശയാണ് വാഗ്ദാനം ചെയ്യുന്നതെങ്കിലും, ഇന്ന് ഈ വാഗ്ദാനത്തെപ്പറ്റിയുള്ള അവബോധം ഏറെ കുറയുകയും, അവഗണിക്കപ്പെടുന്നതായും ചെയ്യുന്നുവെന്ന് ഫാ. റൊബെർത്തോ പറഞ്ഞു. ഈ നിസ്സംഗതയ്ക്കു പകരം, നിത്യജീവനെപ്പറ്റിയുള്ള അഗാധമായ മൂല്യവും സൗന്ദര്യവും കണ്ടെത്തുവാനുള്ള വിളിയാണ് ഇന്ന് ക്രൈസ്തവരിൽ നിക്ഷിപ്തമായിരിക്കുന്നതെന്നും അദ്ദേഹം അടിവരയിട്ടു.

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ, നിത്യജീവനെ  പറ്റിയുള്ള കുറിപ്പുകൾ ആധാരമാക്കിയാണ് ഫാ. റൊബെർത്തോ ധ്യാനചിന്തകൾ പങ്കുവച്ചത്. മരണത്തെക്കുറിച്ചുള്ള ക്രൈസ്തവ കാഴ്ചപ്പാട്, അത് ജീവിതത്തിന്റെ അവസാനമായിട്ടല്ല, മറിച്ച് ക്രിസ്തുവുമായുള്ള ഐക്യത്തിൽ നിത്യജീവനിലേക്കുള്ള ഒരു പാതയാണെന്നു, വിശുദ്ധ പൗലോസ് ശ്ലീഹ റോമക്കാർക്ക് എഴുതിയ ലേഖനത്തിൽ പ്രതിപാദിക്കുന്ന, “സ്നാനത്തിലൂടെ ക്രിസ്തുവിന്റെ മരണത്തോടും പുനരുത്ഥാനത്തോടും ഐക്യപ്പെടുന്നുവെന്നും അങ്ങനെ പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നുവെന്നു” മുള്ള വചനം എടുത്തു പറഞ്ഞുകൊണ്ട് വിശദീകരിച്ചു. എന്നാൽ രക്ഷ ക്രിസ്തുവിനെ അറിയുന്നവർക്ക് മാത്രമായി ഉള്ളതല്ലെന്നും, മറിച്ച് ദൈവത്തോടുള്ള ആത്മാർത്ഥമായ അന്വേഷണത്തിൽ മനസ്സാക്ഷിയെ പിൻപറ്റുന്നവർക്ക് നിത്യജീവനിൽ പ്രവേശിക്കാൻ കഴിയുമെന്നും, അത് സ്നേഹത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഫാ. റൊബെർത്തോ  രണ്ടാം വത്തിക്കാൻ സൂനഹദോസ് പ്രമാണരേഖ ഓർമ്മിപ്പിച്ചുകൊണ്ട് പറഞ്ഞു.

തുടർന്ന് അന്ത്യവിധിയുടെ മൂന്നു സാധ്യതകളെയും അദ്ദേഹം വിശദീകരിച്ചു. സ്വർഗ്ഗം മനുഷ്യന്റെ സമ്പൂർണ്ണ സാക്ഷാത്കാരത്തെ പ്രതിനിധീകരിക്കുന്നുവെന്നും അത് ക്രിസ്തുവുമായുള്ള ഒരു നിത്യ ഐക്യത്തിൽ ഓരോരുത്തരുടെയും യഥാർത്ഥ വ്യക്തിത്വം കണ്ടെത്തുന്നുവെന്നു അദ്ദേഹം പറഞ്ഞു. എന്നാൽ നരകം എന്നത്, ദൈവത്തിൽ നിന്നുള്ള ആത്യന്തിക വേർപിരിയലിനെ പ്രതിനിധീകരിക്കുന്നുവെന്നും എന്നാൽ, ഈ ഒരു അവസ്ഥയ്ക്ക് ആരും വിധിക്കപ്പെടുന്നുവെന്ന് സഭ ഒരിക്കലും ഉറപ്പോടെ പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവസാനമായി, ദൈവകൃപയിലാണെങ്കിലും, സ്വർഗത്തിലേക്ക് കയറുവാൻ ഇനിയും പ്രാപ്തമാകാത്തവരുടെ ശുദ്ധീകരണ പ്രക്രിയയാണ് ശുദ്ധീകരണസ്ഥലത്തെ കാണുന്നതെന്നും, ഇവിടെ ശുദ്ധീകരണത്തിന്റെ സാധ്യത അവസാനനിമിഷം  വരെ നൽകിക്കൊണ്ട്  ദൈവത്തിന്റെ അനന്തമായ സ് നേഹവുമായി പൊരുത്തപ്പെടാനുള്ള അവസരം ബോധ്യപ്പെടുത്തുന്നുവെന്നും ഫാ. പസോളിനി പറഞ്ഞു. എന്നാൽ ഇവയൊന്നും ഭയം ജനിപ്പിക്കേണ്ടവയല്ല  മറിച്ച് പ്രത്യാശയെ പരിപോഷിപ്പിക്കുവാനുള്ള ചിന്തകളാകണമെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു. യഥാർഥ ശുദ്ധീകരണം പൂർണത കൈവരിക്കുന്നതിലല്ല, മറിച്ച് ദൈവസ്നേഹത്തിന്റെ വെളിച്ചത്തിൽ സ്വയം പൂർണ്ണമായി അംഗീകരിക്കുന്നതിലാണ് അടങ്ങിയിരിക്കുന്നതെന്നും ഫാ. റൊബെർത്തോ പങ്കുവച്ചു.