കോടീശ്വരി ആയിരുന്നിട്ടും തന്റെ സ്വന്തം സ്ഥാപനത്തിൽ മണിക്കൂറുകളോളം വരിനിന്ന് ജോലി നേടിയെടുത്ത് ജോലി ചെയ്തിട്ടുണ്ട് എന്ന വെളിപ്പെടുത്തലുമായി യുവതി. പ്രശസ്തമായ അമേരിക്കൻ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയുടെ അനന്തരാവകാശി കൂടിയായ യുവതിയാണ് വെളിപ്പെടുത്തൽ നടത്തിയത്.
മറ്റ് സിഇഒമാരിൽ നിന്ന് വ്യത്യസ്തമായി, തന്റെ കുടുംബപ്പേരിനെക്കാൾ, തന്റെ യോഗ്യതയുടെ അടിസ്ഥാനത്തിൽ ജോലി നേടുന്നതിന് വേണ്ടി താൻ ശ്രമിച്ചു എന്നാണ് ഇവർ പറയുന്നത്.
ഫോർച്യൂണിന്റെ റിപ്പോർട്ട് അനുസരിച്ച്, ഇൻ-ആൻ-ഔട്ടിന്റെ അനന്തരാവകാശിയായ ലിൻസി സ്നൈഡർ പറയുന്നത് കാലിഫോർണിയയിലെ തങ്ങളുടെ ഫാസ്റ്റ് ഫുഡ് ചെയിനിലൊന്നിൽ എൻട്രി ലെവൽ സമ്മർ ജോലിക്ക് വേണ്ടി മറ്റുള്ളവർക്കൊപ്പം മണിക്കൂറുകളോളം താൻ ക്യൂവിൽ കാത്തുനിന്നു എന്നാണ്.
2010 -ലാണ് ലിൻസി സ്നൈഡർ തന്റെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ബിസിനസ്സ് ഏറ്റെടുത്തത്. 1948 -ൽ സ്ഥാപിതമായ കമ്പനി ആണിത്. 1976 -ൽ മുത്തച്ഛൻ മരിച്ചതിനുശേഷം, മക്കളായ റിച്ചും ഗൈയുമാണ് അവർ മരിക്കുന്നതുവരെ സ്ഥാപനം കൈകാര്യം ചെയ്തത്. പിന്നീട്, 17 വയസ്സുള്ളപ്പോൾ, ലിൻസി കമ്പനിയുടെ അവസാനത്തെ അവകാശിയായി മാറുകയായിരുന്നു.
താൻ, എല്ലാവരേയും പോലെ പരിഗണിക്കപ്പെട്ടാൽ മതി, പ്രത്യേകം പരിഗണന ആവശ്യമില്ല എന്ന് തോന്നിയത് കൊണ്ടാണ് അന്ന് അങ്ങനെ ജോലിക്ക് വേണ്ടി ക്യൂ നിന്നത് എന്നാണ് ലിൻസി പറയുന്നത്. 35 -ാം പിറന്നാളിലാണ് ലിൻസി സ്നൈഡർ കോടീശ്വരയായി മാറിയത്. എന്നാൽ തന്റെ ആദ്യത്തെ ജോലിയുടെ ഭാഗമായി പച്ചക്കറികൾ അരിയേണ്ടി വന്നുവെന്നും മറ്റ് ജോലികൾ ചെയ്യേണ്ടി വന്നുവെന്നും അവർ പറയുന്നു. താൻ ജോലി ചെയ്തിരുന്ന ആ ഔട്ട്ലെറ്റിൽ ആർക്കും താൻ ശരിക്കും ആരായിരുന്നു എന്ന് അറിയില്ല എന്നും ലിൻസി പറയുന്നു.
എന്തായാലും, താൻ ശരിക്കും ജോലിയൊക്കെ പഠിച്ച് താൻ എന്താണ് എന്ന് മനസിലാക്കിയ ശേഷമാണ് കമ്പനി ഏറ്റെടുത്തത് എന്നും അവർ പറഞ്ഞു. ലിൻസി കമ്പനി ഏറ്റെടുത്ത ശേഷവും കമ്പനി വലിയ നേട്ടങ്ങൾ ഉണ്ടാക്കിയിരുന്നു.