ആലപ്പുഴ ജില്ലാ വെറ്ററിനറി ഓഫീസറാണെന്ന് പറഞ്ഞ് ചേർത്തല കടക്കരപ്പള്ളി സ്വദേശിയായ കർഷകനോട് ഫോണിലൂടെ പണം ആവശ്യപ്പെട്ടയാൾ അറസ്റ്റിലായി. കോട്ടയം പനച്ചിക്കാട് പാത്താമുട്ടം മാളികക്കടവ് പ്ലാത്തറയിൽ വീട്ടിൽ റെന്നി മാത്യു(31) ആണ് ആലപ്പുഴ സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്.
പക്ഷിപ്പനിയെ തുടർന്ന് കള്ളിംഗ് നടത്തിയതിന്റെ നഷ്ടപരിഹാരം അനുവദിച്ചതിന് പ്രത്യുപകാരമായി ഗൂഗിൾ പേ വഴി പണം വാങ്ങാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ആലപ്പുഴ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.പി വി അരുണോദയ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
ആലപ്പുഴ ജില്ലാ വെറ്ററിനറി ഡോക്ടറാണെന്ന് പറഞ്ഞ് ഒരാൾ ഫോണിലൂടെ പണം ആവശ്യപ്പെട്ട കാര്യം കടക്കരപ്പള്ളി ഡിസ്പെൻസറിയിലെ വെറ്ററിനറി സർജനായ ഡോ.അനുരാജിനെ കർഷകൻ അറിയിച്ചിരുന്നു. റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണം ഡോക്ടർക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
നഷ്ടപരിഹാരമായി 1,84,000 രൂപ അനുവദിച്ചിട്ടുണ്ടെന്നും പ്രത്പകാരമായി ഗൂഗിൾ പേ വഴി പണം ഓഫീസിലുള്ളവർക്ക് നൽകണമെന്നുമാണ് പ്രതി ആവശ്യപ്പെട്ടത്. തുടർന്ന് ഗൂഗിൾ പേ നമ്പർ അയച്ചു കൊടുക്കുകയും ചെയ്തു.
വിവരം കടക്കരപ്പള്ളി വെറ്ററിനറി സർജൻ ആലപ്പുഴ ജില്ലാ മൃഗസംരക്ഷണ ഓഫീസറെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചത്. മരണപ്പെട്ടുപോയ ചങ്ങനാശ്ശേരി സ്വദേശിയുടെ പേരിലുള്ള സിംകാർഡ് ഉപയോഗിച്ചാണ് പ്രതി കർഷകനുമായി ബന്ധപ്പെട്ടത്.
പ്രതി അയച്ചുകൊടുത്ത ഗൂഗിൾ പേ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള കോട്ടയം തുരുത്തി ബ്രാഞ്ചിലെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കയ്യിൽ നിന്ന് മൊബൈൽ ഫോണും സിം കാർഡും കണ്ടെടുത്തിട്ടുണ്ട്.
ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഏലിയാസ് പി ജോർജ്ജിൻ്റെ നേതൃത്വത്തിൽ, സബ് ഇൻസ്പെക്ടർമാരായ ആർ പദ്മരാജ്,വി എസ് ശരത്ചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ എസ് ആർ ഗിരീഷ്,സി പി ഒ കെ.യു ആരതി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കേസിലെ മറ്റൊരു പ്രതിയായ കോട്ടയം കുറിച്ചി സ്വദേശിയെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾ സമാന രീതിയിൽ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. പെട്രോൾ പമ്പുകളിൽ ഗൂഗിൾ പേ ചെയ്തും കടകളിൽ ക്യൂ ആർ കോഡ് സ്കാൻ ചെയ്തും ഈ പണം കയ്യിൽ വാങ്ങി ഉപയോഗിക്കുകയാണ് ഇവരുടെ പതിവ്.
സമാനരീതിയിൽ ഔദ്യോഗിക സ്ഥാനപ്പേരുകൾ ഉപയോഗിച്ചും കാൻസർ ചികിത്സയ്ക്കെന്ന വ്യാജേനയും പലരെയും ഫോൺകോളിലൂടെ വഞ്ചിച്ച് പണം അയച്ചു വാങ്ങിയിട്ടുണ്ട്. കൂടാതെ കോട്ടയം സ്വദേശിയായ അഭിഭാഷകൻ്റെ ക്ലാർക്ക് ആണെന്ന് പറഞ്ഞ് ആൾമാറാട്ടം നടത്തിയും പ്രതി പണം തട്ടിയിട്ടുണ്ട്. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പ്രതികളിൽ ഒരാൾക്കെതിരെ സമാനമായ കേസുണ്ട്.