ഇന്ത്യയിൽ ന്യൂനപക്ഷ വിഭാഗങ്ങൾ മോശം സമീപനമാണ് നേരിടുന്നതെന്ന വിമർശനമുന്നയിച്ചുകൊണ്ടുള്ള യു.എസ് മതസ്വാതന്ത്ര്യ കമീഷന്റെ റിപ്പോർട്ട് (യു.എസ്.സി.ഐ.ആർ.എഫ്) ഇന്ത്യയുടെ ആഗോള പ്രതിച്ഛായ തകർക്കാനുള്ള ശ്രമമെന്ന് വിദേശകാര്യ മന്ത്രാലയം. മുൻവിധിയോടെയും രാഷ്ട്രീയ പ്രേരിതവുമായ വിലയിരുത്തലുകളാണ് റിപ്പോർട്ടിലുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ഒറ്റപ്പെട്ട സംഭവങ്ങളെ തെറ്റായി ചിത്രീകരിക്കാനും ഇന്ത്യയുടെ ബഹുസ്വര സമൂഹത്തെ അധിക്ഷേപിക്കാനുമുള്ള നിരന്തരമായ ശ്രമങ്ങളാണ് യു.എസ് സർക്കാറിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷൻ നടത്തുന്നത്. ഇത് മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള യഥാർഥ ആശങ്കയെക്കാൾ ബോധപൂർവമായ ഒരു അജണ്ടയെയാണ് പ്രതിഫലിപ്പിക്കുന്നത്. ജനാധിപത്യത്തിന്റെയും സഹിഷ്ണുതയുടെയും വിളക്കായ ഇന്ത്യയെ ഇകഴ്ത്തിക്കാട്ടാനുള്ള ഈ ശ്രമങ്ങൾ വിജയംകാണില്ല. യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷനെ ‘ആശങ്കയുണ്ടാക്കുന്ന സ്ഥാപനമായി’ കണക്കാക്കണമെന്നും ഇന്ത്യ പ്രതികരിച്ചു.
ഇന്ത്യയിൽ ന്യൂനപക്ഷ വിഭാഗങ്ങൾ മോശം സമീപനമാണ് നേരിടുന്നതെന്ന വിമർശനം ശക്തമാക്കിയാണ് 2025ലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് കമീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആർ.എഫ്) പുറത്തുവിട്ടത്. സിഖ് വിഘടനവാദി നേതാവിനെതിരെയുണ്ടായ വധശ്രമത്തിൽ ആരോപണം നേരിട്ട ഇന്ത്യയുടെ ചാരസംഘടനയായ ‘റോ’യ്ക്ക് ഉപരോധമേർപ്പെടുത്തണമെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ യു.എസ് സർക്കാർ അവഗണിക്കുകയാണെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ചൈനക്ക് ഏഷ്യയിൽ വർധിച്ചുവരുന്ന സ്വാധീനത്തെ ഇന്ത്യയുമായുള്ള ബന്ധത്തിലൂടെ മറികടക്കാനാണ് യു.എസിന്റെ ശ്രമം. ഇതാണ് ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ യു.എസ് അവഗണിക്കാനുള്ള കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കക്കു പുറത്തെ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തെ വിശകലനം ചെയ്ത് സർക്കാറിന് റിപ്പോർട്ട് നൽകുന്ന സ്ഥാപനമാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം. ലോകരാജ്യങ്ങൾ മതസ്വാതന്ത്ര്യത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് നിരീക്ഷിക്കുകയും അത് സംബന്ധിച്ച റിപ്പോർട്ടുകൾ പ്രസിഡന്റിനും സ്റ്റേറ്റ് സെക്രട്ടറിക്കും കോൺഗ്രസ്സിനും കൈ മാറേണ്ട ചുമതല കമീഷനുണ്ട്. എല്ലാ വർഷവും, വിവിധ രാജ്യങ്ങളിൽ മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള സമഗ്ര റിപ്പോർട്ട് കമീഷൻ പ്രസിദ്ധീകരിക്കാറുണ്ട്.
2024ലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ടിലും ഇന്ത്യക്കെതിരെ രൂക്ഷ വിമർശനമുണ്ടായിരുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങളും മണിപ്പൂരിലെ കുക്കി, മെയ്തേയി സമുദായങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ പ്രത്യേക ആശങ്കയുള്ള രാജ്യമായി ഇന്ത്യയെ പ്രഖ്യാപിക്കാൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോട് ശിപാർശ ചെയ്യുകയുമുണ്ടായിരുന്നു.