തിരുവനന്തപുരത്ത്  യുവതിയെ കഴുത്തിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി ആതിര (33) ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്‍റെ ഭാര്യയാണ് ആതിര. അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യ ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടത്. രാവിലെ 8.30 ന് ശേഷമാണ് സംഭവം നടന്നതെന്നാണ് വിവരം. 8.30 ന് മകനെ സ്കൂളിൽ പറഞ്ഞയച്ചപ്പോൾ യുവതി വീട്ടിൽ ഉണ്ടായിരുന്നു.

കഴുത്തിൽ കത്തി കയറ്റി മുറിച്ച നിലയിലായിരുന്നു മൃതദേഹം. നാലാം ക്ലാസിൽ പഠിക്കുന്ന മകൻ ഗോവിന്ദനെ സ്കൂളിലേക്കു പറഞ്ഞയച്ച ശേഷമാണ് ആതിര കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് പൊലീസിന്‍റെ അനുമാനം. എട്ടേമുക്കാലിനും ഒൻപതു മണിക്കും ഇടയിലാണ് കുട്ടിയുടെ സ്കൂൾ ബസ് വരുന്നത്. ക്ഷേത്രത്തിന്‍റെ അടുത്തുള്ള ട്രസ്റ്റിന്‍റെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.