ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചതിനെ തുടർന്ന് പ്ലേസ്റ്റോറിൽ നിന്ന് ചൈനീസ് ആപ്പായ അബ്ലോ നീക്കം ചെയ്യാൻ യു.എസ് ടെക് ഭീമനായ ഗൂഗിളിന് നിർദേശം നൽകി കേന്ദ്രസർക്കാർ.
പ്രാദേശിക അതിർത്തികൾ തെറ്റായി രേഖപ്പെടുത്തിയ ഭൂപടമാണ് ആപ്പ് ചിത്രീകരിച്ചത്. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ആയിരത്തിലേറെ ആളുകൾ ഈ വിഡിയോ ചാറ്റ് ആപ്പ് ഡൗൺലോഡ് ചെയ്‌തിട്ടുണ്ട്. ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളെ തെറ്റായി ചിത്രീകരിച്ചുവെന്നും ലക്ഷദ്വീപിനെ ആപ്പ് അതിന്റെ ഭൂപടത്തിൽ നിന്ന് പൂർണമായും ഒഴിവാക്കിയെന്നുമാണ് കേന്ദ്രസർക്കാർ നോട്ടീസിൽ പറയുന്നത്. ഇത് ഇന്ത്യയുടെ അഖണ്ഡതയെയും പരമാധികാരത്തെയും അപകടത്തിലാക്കുമെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടി.