കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടി ഭാവന ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഭാവനയും ഭർത്താവ് നവീനുമായി വേർപിരിയാൻ പോകുന്നുവെന്ന തരത്തിലായിരുന്നു പ്രചരണം. ഇരുവരും ഒന്നിച്ചുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വരാത്തതാണ് ഈ അഭ്യൂഹങ്ങൾക്ക് വഴിവച്ചത്. ഇപ്പോഴിതാ ഈ ആരോപണങ്ങൾക്കെല്ലാം മറുപടിയുമായി ഭാവന തന്നെ രം​ഗത്ത് എത്തിയിരിക്കുകയാണ്. 

ഭർത്താവും ഒത്തുള്ള ഫോട്ടോകൾ കാണാത്തത് കൊണ്ടാണ് വിവാഹ മോചിതരായെന്ന തരത്തിൽ അഭ്യൂഹങ്ങൾ വന്നതെന്നും തങ്ങളുടെ ബന്ധം തെളിയിക്കാൻ സെൽഫികൾ പോസ്റ്റ് ചെയ്യേണ്ടതുണ്ടോ എന്നും ഭാവന ചോദിക്കുന്നു. ​ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. 

ദിവസവും ഒന്നിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ദമ്പതികളല്ല ഞങ്ങൾ. യു ആർ മൈൻ എന്നൊക്കെ പറഞ്ഞ് പോസ്റ്റ് ചെയ്യുന്നത് ക്രിഞ്ച് ആണ്. എനിക്ക് ഒരിക്കലും ഇഷ്ടമില്ലാത്ത കാര്യമാണത്. ഏതെങ്കിലും ഒരു ഫോട്ടോ ഇട്ടാൽ, പഴയ ഫോട്ടോയാണ് ഇപ്പോൾ എന്തോ പ്രശ്നം ഉണ്ടെന്നൊക്കെ പറയും. അതിനൊരിക്കൽ ഞാൻ തന്നെ മറുപടി നൽകിയിട്ടുണ്ട്. ഞാൻ എപ്പോഴും അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കാറുമില്ല. വ്യക്തിപരമായ കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്ന ആളല്ല ഞാൻ. നിലവിൽ പ്രശ്നങ്ങളൊന്നും ഇല്ലാതെയാണ് പോകുന്നത്. അഥവ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ തന്നെ തുറന്നു പറയും. ആരെങ്കിലുമൊക്കെ ചിന്തിക്കുന്നത് തെളിയിക്കാൻ വേണ്ടി ഫോട്ടോ ഷെയർ ചെയ്യാൻ പറ്റില്ല”, എന്നാണ് ഭാവന പറഞ്ഞത്.