അദാനി ഗ്രൂപ്പിനെതിരെ പുറത്തുവിട്ട ആരോപണങ്ങളില്‍ മനസ് തുറന്ന് അമേരിക്കന്‍ ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനമായ ഹിന്‍ഡെന്‍ബെര്‍ഗിന്റെ സ്ഥാപകന്‍ നേറ്റ് ആന്‍ഡേഴ്‌സണ്‍. അദാനി ഗ്രൂപ്പിനെതിരെ മാധ്യമങ്ങളില്‍ വന്ന ചില വാര്‍ത്തകളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗ്രൂപ്പിനെതിരെ തെളിവുകള്‍ കണ്ടെത്തിയെന്നാണ് നേറ്റ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. 2023ലാണ് കോര്‍പറേറ്റ് ലോകത്തെ ഏറ്റവും തട്ടിപ്പുകാരനെന്ന വിശേഷണത്തോടെ അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ഇതിന് പിന്നാലെ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ ഓഹരി വില കുത്തനെയിടിഞ്ഞിരുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം അദാനി ഗ്രൂപ്പ് നിഷേധിക്കുകയായിരുന്നു.
തുടര്‍ന്ന് നിരന്തരം അദാനി ഗ്രൂപ്പിനെതിരെ റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും കഴിഞ്ഞ മാസമാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഹിന്‍ഡെന്‍ബെര്‍ഗ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഇതിന് പിന്നിലുള്ള കാര്യങ്ങളെല്ലാം ജനുവരി 16ന് പുറത്തിറക്കിയ കത്തില്‍ പറഞ്ഞിട്ടുണ്ടെന്നാണ് നേറ്റിന്റെ വിശദീകരണം. ഹിന്‍ഡെന്‍ബെര്‍ഗ് പ്രവര്‍ത്തനം നിറുത്തിയതിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ ആരോഗ്യ പ്രശ്‌നങ്ങളോ വ്യക്തിഗത പ്രശ്‌നങ്ങളോ അല്ലെന്നും അദ്ദേഹം പറയുന്നു. ജോലിയുടെ തീവ്രത കൂടിയതും ജോലിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ കഴിയാത്ത സാഹചര്യവും വന്നപ്പോഴാണ് കമ്പനി പ്രവര്‍ത്തനം നിറുത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു.
അദാനി ഗ്രൂപ്പിനതിരെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നതായും നേറ്റ് പറയുന്നു. അദാനി ഗ്രൂപ്പ് കൃത്രിമമായി ഓഹരി വില പെരുപ്പിച്ച് കാട്ടിയെന്നും ഇത്തരത്തില്‍ സ്വന്തമാക്കിയ ഓഹരികള്‍ ഈടാക്കി വായ്പയെടുത്തെന്നും കടലാസ് കമ്പനികളിലേക്ക് പണം തിരിമറി നടത്തിയെന്നും അടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ 2023 ജനുവരിയിലാണ് ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ടത്. റിപ്പോര്‍ട്ട് രാജ്യത്ത് സാമ്പത്തികവും രാഷ്ട്രീയവുമായ വന്‍ ചലനങ്ങള്‍ക്ക് വഴിവച്ചിരുന്നു. അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ 1.2 ലക്ഷം കോടി രൂപയുടെ കുറവുണ്ടായെന്നാണ് കണക്കുകള്‍.