ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയ്ക്കെതിരെയുള്ള അന്വേഷണത്തിൽ ഇന്ത്യൻ സർക്കാരിന്റെ സഹകരണം തേടി യു.എസ്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ (യു.എസ്.എസ്.ഇ.സി.) ഓഹരി നിക്ഷേപത്തട്ടിപ്പ്, കൈക്കൂലി തുടങ്ങിയ ആരോപണങ്ങളിലാണ് ഗൗതി അദാനിയും അനന്തരവൻ സാഗർ അദാനിയും അന്വേഷണം നേരിടുന്നത്.
അദാനിയ്ക്കും അനന്തരവനും എതിരെയുള്ള പരാതികളിൽ അന്വേഷണനടപടികൾ പുരോഗമിക്കുകയാണെന്നും ഇന്ത്യൻ നിയമമന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ടെന്നും യു.എസ്.എസ്.ഇ.സി. ന്യൂയോർക്കിലെ ജില്ലാകോടതിയെ ബോധിപ്പിച്ചു.
2024 നവംബറിലാണ് ഗൗതം അദാനി, സാഗർ അദാനി, അദാനി ഗ്രീൻ എനർജി ജീവനക്കാർ, അസുർ പവർ ഗ്ലോബൽ ലിമിറ്റഡിന്റെ എക്സിക്യുട്ടീവ് ആയ സിറിൽ കമ്പനീസ് എന്നിവർക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനയ്ക്കും യു.എസ്. കോടതി കുറ്റം ചുമത്തിയത്. യു.എസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥർക്ക് കോഴ നൽകിയെന്നുമാണ് കേസ്. മൾട്ടി ബില്യൺ ഡോളർ പദ്ധതികൾ വാഗ്ദാനം ചെയ്ത് വ്യാജവും തെറ്റിധാരണാജനകവുമായ പ്രസ്താവനകൾ നടത്തി നിക്ഷേപകരേയും ആഗോള ധനകാര്യസ്ഥാപനങ്ങളേയും കബളിപ്പിച്ചതായാണ് ആരോപണം.
കൂടാതെ, 265 മില്യൺ ഡോളർ (2,300 കോടി രൂപ) കൈക്കൂലി നൽകിയതായും കുറ്റപത്രത്തിലുണ്ട്. ഇരുപത് കൊല്ലത്തിനുള്ളിൽ കരാറുകളിൽ നിന്ന് 200 കോടി ഡോളർ ലാഭമുണ്ടാക്കാൻ ലക്ഷ്യമിട്ടതായും അദാനിയെ പരാമർശിക്കുന്നതിന് ന്യൂമെറെ യുണോ, ദ ബിഗ് മാൻ തുടങ്ങിയ കോഡുകളാണ് ഉപയോഗിച്ചിരുന്നതെന്നും കുറ്റപത്രത്തിൽ പറയുന്നു. അദാനി ഗ്രീൻ എനർജിക്കായി മൂന്ന് ബില്യൺ ഡോളറിലധികം വായ്പയെടുക്കുന്നതിനായി കുറ്റാരോപിതർ വായ്പക്കാരിൽനിന്നും നിക്ഷേപകരിൽനിന്നും കോഴക്കാര്യം മറച്ചുവെച്ചതായും പ്രോസിക്യൂട്ടർമാർ ആരോപിച്ചു. വിദേശ വ്യാപാര ഇടപാടുകളിലെ കൈക്കൂലിക്കെതിരായ ഫോറിൻ കറപ്റ്റ് പ്രാക്ടീസ് ആക്ടിന്റെ കീഴിലാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.