എഡിജിപി എംആർ അജിത് കുമാറിനെതിരെ(ADGP MR Ajith Kumar) വീണ്ടും ഗുരുതര ആരോപണവുമായി പി വി അൻവർ എംഎൽഎ(PV Anvar MLA). പേര് വെളിപ്പെടുത്താത്ത ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ ഓഡിയോ സന്ദേശം പുറത്തുവിട്ടാണ് ആരോപണം ഉന്നയിച്ചത്. സോളാർ കേസ് അട്ടിമറിച്ചതിൽ പ്രധാന ഉത്തരവാദി എം ആർ അജിത്ത് കുമാറാണെന്ന് എംഎല്‍എ ആരോപിക്കുന്നു. 

കെസി വേണുഗോപാലുമായി എഡിജിപിക്ക് അടുത്ത ബന്ധമുണ്ട്. സോളാർ കേസിലെ പ്രതികളിൽ നിന്ന് പണം വാങ്ങി നൽകാമെന്ന് എഡിജിപി പരാതിക്കാരിയോട് പറഞ്ഞതിന് പിന്നാലെ പരാതിക്കാരി മൊഴി മാറ്റി. ജീവിക്കാൻ ആവശ്യമായ പണം പ്രതികളുടെ കയ്യിൽ നിന്ന് വാങ്ങി നൽകാമെന്ന് അജിത്ത് കുമാർ സരിതക്ക് ഉറപ്പ് നൽകി. ഇതോടെ സരിത പല മൊഴികളും മാറ്റിയെന്നും പുതിയ ശബ്ദരേഖയിൽ വെളിപ്പെടുത്തുന്നു.

എം ആർ അജിത്ത് കുമാർ തിരുവനന്തപുരത്ത് കവടിയാറിൽ വലിയൊരു കൊട്ടാരം പണിയുന്നുണ്ടെന്ന് പി വി അൻവർ ആരോപിച്ചു. കവടിയാറിൽ 12000/15000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് പണിയുന്നത്. 10 സെന്റ് അജിത് കുമാറിൻ്റെ പേരിലും 12 സെന്റ് അദ്ദേഹത്തിൻറെ ഭാര്യാ സഹോദരൻ്റെ പേരിലുമാണ് രജിസ്റ്റർ ചെയ്തത്. 12,000 സ്ക്വയർ ഫീറ്റ് വീടാണ് നിർമ്മിക്കുന്നതാണെന്നാണ് വിവരം. 60 ലക്ഷം രൂപ വരെയാണ് സെൻ്റിന് വില. ലുലു ഗ്രൂപ്പ് ചെയർമാൻ്റെ സ്ഥലത്തിന് തൊട്ടടുത്താണിതെന്നും പി വി അൻവർ ആരോപിച്ചു.