വയനാട് എടവക പള്ളിക്കല്‍ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ഓട്ടോറിക്ഷയില്‍ കൊണ്ടുപോയത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. മരിച്ച ആദിവാസി സ്ത്രീയുടെ മൃതദേഹം വീട്ടില്‍ നിന്ന് ശ്മശാനത്തിലേക്ക് കൊണ്ടുപോകാനായിരുന്നു ആംബുലൻസ് വേണ്ടിയിരുന്നത്. വാഹനം ലഭിക്കാതെ വന്നതോടെ ഓട്ടോറിക്ഷയില്‍ മൃതദേഹം കൊണ്ടുപോവുകയായിരുന്നു.

എന്നാല്‍ രണ്ട് ആംബുലൻസാണ് ട്രൈബല്‍ ഓഫീസില്‍ ഉണ്ടായിരുന്നതെന്നും വൈകുന്നേരം ഇവ രണ്ടും ലഭ്യമായിരുന്നില്ലെന്നും പറഞ്ഞ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസർ, പുറത്ത് നിന്ന് ആംബുലൻസ് വിളിക്കാമായിരുന്നുവെന്നും എന്നാല്‍ ട്രൈബല്‍ പ്രൊമോട്ടർ ഇത് ചെയ്തില്ലെന്നും കുറ്റപ്പെടുത്തി. സംഭവം മേലുദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ പ്രൊമോട്ടർക്ക് വീഴ്ചയുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചയ്ക്ക് ട്രൈബല്‍ പ്രമോട്ടറെ കരുവാക്കുകയാണെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി. സംഭവത്തില്‍ വീഴ്ചയുണ്ടായെന്നാരോപിച്ച്‌ ട്രൈബല്‍ പ്രമോട്ടറെ സർവീസില്‍ നിന്ന് സസ്പെൻ്റ് ചെയ്തു.