എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യ കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പോലീസ് നീക്കം. കേസിൽ റവന്യൂ വകുപ്പ് അന്വേഷണത്തിലെ വിവരങ്ങൾ തേടാനാണ് ഇപ്പോൾ പോലീസ് നീക്കം. എ ഗീത ഐഎഎസിൻ്റെ മൊഴിയെടുക്കും. എഡിഎമ്മിന്‍റെ യാത്രയയപ്പ് ദിവസം പ്രശാന്ത് വിജിലൻസ് ഓഫീസിലെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ നാളെയാണ് ഉത്തരവ്.
പി പി ദിവ്യയെ പ്രതിയാക്കിയ ആത്മഹത്യ പ്രേരണ കേസിൽ അന്വേഷണം അവസാനഘട്ടത്തിലെന്ന് പോലീസ് പറയുന്നു. ഇതുവരെ നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ മൊഴി പ്രത്യേക അന്വേഷണസംഘം എടുത്തിട്ടില്ല. കളക്ടറുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. ഇതിനിടെയാണ് റവന്യൂ വകുപ്പ് അന്വേഷണത്തിലെ വിവരങ്ങൾ പോലീസ് തേടുന്നത്.
കളക്ടർ ഉൾപ്പെടെ സംഭവുമായി ബന്ധപ്പെട്ട നിരവധി പേരുടെ മൊഴിയെടുത്ത ലാൻഡ് റവന്യൂ ജോയിന്‍റെ കമ്മീഷണർ എ ഗീത, എഡിഎമ്മിന് വീഴ്ചയുണ്ടായില്ലെന്നാണ് റിപ്പോർട്ട് നൽകിയത്. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്ന് പ്രതിഭാഗം കഴിഞ്ഞ ദിവസം കോടതിയിൽ വാദിച്ചിരുന്നു. ഫോൺ വിളി രേഖകളുൾപ്പെടെ തെളിവ് നിരത്തിയായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് വകുപ്പുതല അന്വേഷണം നടത്തിയ ഉദ്യോഗസ്ഥയുടെ മൊഴിയെടുക്കുന്നതെന്നതും ശ്രദ്ധേയം.