താമസ സ്ഥലത്തെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണവിധേയായ കണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചുവെന്ന കുറ്റം ഇതാദ്യമല്ല. നേരത്തെയും മുന്‍പും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് കേസ് എടുത്തതായി റിപ്പോര്‍ട്ടുകള്‍.  

2016 ല്‍ തലശ്ശേരി കുട്ടിമാക്കൂലില്‍ ദലിത് വിഭാഗത്തില്‍പെട്ട സഹോദരിമാരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സഹോദരിമാരില്‍ ഒരാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പി.പി. ദിവ്യയ്‌ക്കെതിരെ കേസെടുത്തിരുന്നുവെന്നാണ് വിവരം. ഈ സംഭവത്തില്‍ അന്നത്തെ ഡിവൈഎഫ്ഐ നേതാവായിരുന്ന സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെയും കേസെടുത്തിരുന്നു. 

2016- ല്‍ കോണ്‍ഗ്രസ് തലശേരി ബ്ലോക് സെക്രട്ടറിയായിരുന്ന രാജനെ ഡിവൈഎഫ്ഐ നേതാക്കള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മകളായ അഞ്ജനയും സഹോദരിയും പ്രതിഷേധിച്ച് സിപിഎം ഓഫീസിലെത്തിയിരുന്നു. പാര്‍ട്ടി ഓഫീസില്‍ കയറി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കുറ്റം ചുമത്തി ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജയില്‍ മോചിതരായ ശേഷവും ഇവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു.

ചാനല്‍ ചര്‍ച്ചയില്‍ ഇവര്‍ പൊതുശല്യമെന്ന തരത്തില്‍ ദിവ്യ പറഞ്ഞതിനെത്തുടര്‍ന്ന് ഇതില്‍ മനംനൊന്താണ് അതിലൊരു പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നായിരുന്നു പരാതി. പട്ടികവിഭാഗ കമ്മീഷനാണ് അന്ന് കേസെടുത്തത്. ഈ കേസ് പിന്നീട് എഴുതിത്തള്ളി. കോണ്‍ഗ്രസ് നേതാവായിരുന്ന പെണ്‍കുട്ടികളുടെ അച്ഛന്‍ 2021 ല്‍ സിപിഎമ്മില്‍ ചേരുകയും ചെയ്തു.

അതേസമയം, നവീന്‍ ബാബുവിന് നല്‍കിയ യാത്രയയപ്പ് ചടങ്ങിലേക്ക് കലക്ടറേറ്റിലെ റവന്യു സ്റ്റാഫിനല്ലാതെ മറ്റാര്‍ക്കും ക്ഷണമില്ലാതിരുന്നിട്ടും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ആ ചടങ്ങിലേക്ക് കയറിച്ചെല്ലുകയും അത് പകര്‍ത്താനായി ഒരു വീഡിയോഗ്രഫറും സ്ഥലത്തെത്തി കാത്തിരുന്നു. 
പൊതുപരിപാടിയല്ലാത്തതിനാല്‍ മാധ്യമപ്രവര്‍ത്തകരോ പിആര്‍ഡി ജീവനക്കാരോ ഇല്ലാതിരുന്നിടത്താണ് ദിവ്യയുടെ 6 മിനിറ്റ് പ്രസംഗവും ഇറങ്ങിപ്പോക്കും പൂര്‍ണമായി ചിത്രീകരിച്ചത്. 

രാത്രി ഈ വിഡിയോ മാധ്യമപ്രവര്‍ത്തകര്‍ക്കും ചാനലുകള്‍ക്കും ലഭ്യമാക്കി. യാത്രയയപ്പില്‍ എഡിഎമ്മിനെ ദിവ്യ വിമര്‍ശിച്ചകാര്യം വാര്‍ത്തയാവുകയും സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുകയും ചെയ്തു. എഡിഎമ്മിനെ പരമാവധി അപമാനിച്ചുവിടുക എന്ന കൃത്യമായ തിരക്കഥയിലാണ് കാര്യങ്ങള്‍ നടന്നതെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.

അതിനിടെ,  പി.പി.ദിവ്യയുടെ പരാമര്‍ശങ്ങളെ തള്ളിയും മരിച്ച നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ പാര്‍ട്ടിബന്ധം ഉറപ്പിച്ചും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. മാതൃകാപരമായ ഔദ്യോഗിക ജീവിതം നയിച്ചയാളാണ് നവീന്‍ ബാബുവെന്ന് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ജീവനൊടുക്കിയ എ ഡി എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് പോസ്റ്റ് ചെയ്ത എഫ് ബി കുറിപ്പിലാണ് പാര്‍ട്ടി സെക്രട്ടറി ഇക്കാര്യം പറഞ്ഞത്. 

മാതൃകാപരമായ ഔദ്യോഗിക ജീവിതം നയിച്ചയാളാണ് നവീന്‍ ബാബുവെന്ന് ഉദയഭാനു കുറിപ്പില്‍ വ്യക്തമാക്കി. സംഭവവികാസങ്ങളെ ഗൗരവത്തോടെ കാണുന്നുവെന്നും കൃത്യമായ അന്വേഷണത്തിലൂടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സി പി എം ജില്ല സെക്രട്ടറി വ്യക്തമാക്കി. യാത്രയയപ്പ് യോഗത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.