ഡൽഹി: ശ്രീലങ്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം തിരഞ്ഞെടുപ്പിനെ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യസെലക്ടർ അജിത്ത് അ​ഗാർക്കറും പരിശീലകൻ ​ഗൗതം ​ഗംഭീറും. ഇരുവരും നടത്തിയ വാർത്താസമ്മേളനത്തിലാണ് ടീം തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്.

ഒരു പമ്പരയ്ക്കുള്ള ടീമിൽ പരമാവധി 15 താരങ്ങളെയെ ഉൾപ്പെടുത്താൻ കഴിയൂ. എല്ലാവരെയും ടീമിൽ ഉൾപ്പെടുത്താൻ കഴിയില്ല. എന്നാൽ സന്തുലിതമായ ഒരു ടീമിനെ തിരഞ്ഞെടുക്കണം. റിങ്കു സിം​ഗിന്റെ കാര്യം നോക്കൂ. ട്വന്റി 20 ലോകകപ്പിന് മുമ്പ് റിങ്കു മികച്ച പ്രകടനം പുറത്തെടുത്തു. എന്നാൽ അവസാന 15ലേക്ക് എത്താൻ താരത്തിന് കഴിഞ്ഞില്ല. കാരണം മികച്ച പ്രകടനം നടത്തുന്ന ഒരുപിടി താരങ്ങൾ ഉണ്ടെന്നതാണെന്ന് അജിത്ത് അഗാർക്കർ പറഞ്ഞു.

റിഷഭ് പന്ത്, കെ എൽ രാഹുൽ എന്നിവരുടെ മടങ്ങിവരവിനെക്കുറിച്ചും അഗാർക്കർ സംസാരിച്ചു. ഏറെക്കാലം റിഷഭ് ക്രിക്കറ്റ് ​ഗ്രൗണ്ടിന് പുറത്തായിരുന്നു. പരിമിത ഓവർ ക്രിക്കറ്റിൽ അയാൾ മികച്ചൊരു താരമാണ്. സാവധാനം റിഷഭിലെ ക്രിക്കറ്ററെ തിരിച്ചുകൊണ്ടുവരണം. അതിനാണ് ഇന്ത്യൻ ക്രിക്കറ്റ് ശ്രമിക്കുന്നത്. സമാനമായി ഏത് പ്രതിസന്ധിയിൽ നിന്നും തിരിച്ചുവരാൻ കഴിയുന്ന ഒരു താരമാണ് കെ എൽ രാഹുലെന്നും അജിത്ത് അ​ഗാർക്കർ പ്രതികരിച്ചു.