ചെന്നൈ: ട്രിച്ചി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ മൂലം പ്രതിസന്ധിയിലായിരുന്ന എയർ ഇൻഡ്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. വിമാനത്തിൽ 140 യാത്രക്കാരായിരുന്നു ഉണ്ടായത്. ഹൈഡ്രോളിക് ബ്രേക്കിന് സംഭവിച്ച തകരാറായിരുന്നു പ്രതിസന്ധിക്ക് കാരണം. വൈകീട്ട് 5.40 മുതൽ വിമാനം ലാൻഡ് ചെയ്യിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും സാധിച്ചിരുന്നില്ല. 141 യാത്രക്കാരുമായി ഷാർജയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം.
ഹൈഡ്രോളിക്ക് തകരാറുകൾ മൂലം വിമാനത്തിന് പ്രശ്നങ്ങൾ വരുന്നത് ആദ്യമായല്ല. രണ്ട് വർഷം മുൻപ് നെടുമ്പാശ്ശേരി വിമാനത്താവളത്തിനും ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തെ അഭിമുഖീകരിക്കേണ്ടിവന്നിരുന്നു. 2022 ജൂൺ 15നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിനെ മുൾമുനയിൽ നിർത്തിയ ആ സംഭവമുണ്ടാകുന്നത്. എയർ അറേബ്യ G9-426 വിമാനത്തിന് ഹൈഡ്രോളിക്ക് സംവിധാനത്തിന്റെ തകരാർ മൂലം ലാൻഡ് ചെയ്യാൻ സാധിക്കാതെ വന്നു. രാത്രി 7.13നാണ് വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ അതിന് തയ്യാറെടുക്കുമ്പോളാണ് ഇത്തരമൊരു തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപെട്ടത്.