ഏറ്റവും മോശം വായുനിലവാര സൂചികയുള്ള നഗരം ഡല്‍ഹിയാണെന്നായിരുന്നു ജനത്തിന്റെ വിശ്വാസം. എന്നാല്‍ അത് തെറ്റാണെന്ന് തെളിയിച്ചിരിക്കയാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദീപാവലി ആഘോഷം കഴിഞ്ഞതോടെ ഡല്‍ഹിയിലെ വായുമലിനീകരണം അതിരൂക്ഷമായിരുന്നു. അതില്‍ സങ്കടപ്പെടുന്നതിനിടെയാണ് തലസ്ഥാനവാസികള്‍ക്ക് ഇത്തരത്തിലൊരു ‘ആശ്വാസവാര്‍ത്ത’ ലഭിക്കുന്നത്.
ലോകത്തിലെ ഏറ്റവും മോശം വായുനിലവാര സൂചികയുള്ള നഗരം പാകിസ്താനാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പാക്ക് നഗരമായ ലഹോറില്‍ ഡെല്‍ഹിയേക്കാള്‍ ആറു മടങ്ങ് മോശം വായുവാണ് ലഭിക്കുന്നത് എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലഹോറില്‍ ഞായറാഴ്ച വായുഗുണനിലവാര സൂചിക (എക്യുഐ) 1,900 ആയി ഉയര്‍ന്നു, ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്. 14 ദശലക്ഷമാണു ലഹോറിലെ ജനസംഖ്യ.
അതേസമയം, ഡല്‍ഹിയില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വായുഗുണനിലവാര സൂചിക 276 ആയി. 151-200 വരെയുള്ള എക്യുഐ അനാരോഗ്യകരമായാണു കണക്കാക്കുന്നത്. ലോകാരോഗ്യ സംഘടന നിശ്ചയിച്ച പരിധിയേക്കാള്‍ ആറു മടങ്ങ് കൂടുതലാണ് പാകിസ്താനിലെ വായുമലിനീകരണം. അടിയന്തര നടപടിയുടെ ഭാഗമായി സ്‌കൂളുകള്‍ക്കു സര്‍ക്കാര്‍ അവധി നല്‍കിയിട്ടുണ്ട്. വര്‍ക് ഫ്രം ഹോം രീതി സ്വീകരിക്കാന്‍ കമ്പനികളോടും നിര്‍ദേശിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
ആരോഗ്യത്തിന് ഏറ്റവും ദോഷമുണ്ടാക്കുന്ന വായുവിലെ സൂക്ഷ്മകണികാ പദാര്‍ഥവും മാരകവുമായ പിഎം 2.5 മലിനീകരണത്തിന്റെ അളവ് 610 ആയി ഉയര്‍ന്നു. 24 മണിക്കൂര്‍ കാലയളവില്‍ ആരോഗ്യകരമായി ലോകാരോഗ്യ സംഘടന കണക്കാക്കുന്ന 15 എന്ന പരിധിയേക്കാള്‍ 40 മടങ്ങ് കൂടുതലാണിത് എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ജനം വീട്ടില്‍ത്തന്നെ കഴിയുക, വാതിലുകളും ജനലുകളും അടച്ചിടുക, അനാവശ്യ യാത്രകള്‍ ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ആശുപത്രികളില്‍ സ്‌മോഗ് കൗണ്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും പഞ്ചാബിലെ മുതിര്‍ന്ന മന്ത്രി മറിയം ഔറംഗസേബ് പറഞ്ഞു.
മലിനീകരണം കുറയ്ക്കുന്നതിന് ഓട്ടോറിക്ഷകള്‍ നിരോധിച്ചു. ചില പ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിട്ടുണ്ട്. അയല്‍രാജ്യമായ ഇന്ത്യയില്‍ നിന്നുള്ള കാറ്റാണു ലഹോറിലെ വായുമലിനീകരണത്തിനു കാരണമെന്നാണു പാകിസ്താന്റെ ആരോപണം. വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനു പാക്ക് ഭരണകൂടം കത്തയക്കുകയും ചെയ്തു.
‘പ്രാദേശികവും ആഗോളവുമായ പ്രശ്നമെന്ന നിലയില്‍ നമുക്കു കാലാവസ്ഥാ നയതന്ത്രം ആവശ്യമാണ്. ഇന്ത്യയില്‍ നിന്നുള്ള കിഴക്കന്‍ കാറ്റ് മൂലം ലഹോറില്‍ ഞങ്ങള്‍ ദുരിതം അനുഭവിക്കുകയാണ്. ഇതൊരു സ്വാഭാവിക പ്രതിഭാസമാണ്, ആരെയും കുറ്റപ്പെടുത്തുന്നില്ല’ – എന്ന് പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് സെക്രട്ടറി രാജ ജഹാംഗീര്‍ അന്‍വര്‍ പറഞ്ഞു.
ഉത്തരേന്ത്യയിലെപ്പോലെ, പാകിസ്താനിലും ശൈത്യകാലത്തു മലിനീകരണം കൂടാറുണ്ട്. മലിനീകരണപ്രശ്‌നം ലഹോര്‍ നിവാസികളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 7.5 വര്‍ഷം കുറയ്ക്കുമെന്നു ഷിക്കാഗോ സര്‍വകലാശാലയിലെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് അഭിപ്രായപ്പെട്ടു.