ഗുജറാത്തിലെ ജാമ്‌നഗറില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് വീണ് പൈലറ്റിന് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രിയാണ് സംഭവം. സുവാര്‍ദ ഗ്രാമത്തിലെ തുറന്ന പ്രദേശത്ത് ജാഗ്വര്‍ യുദ്ധവിമാനം തകര്‍ന്നുവീഴുകയായിരുന്നു. ജാമ്‌നഗര്‍ നഗരത്തില്‍നിന്ന് 12 കിലോമീറ്റര്‍ ദൂരത്താണ് ഈ പ്രദേശം. തകര്‍ന്നുവീണതിന് പിന്നാലെ വിമാനത്തിന് തീപ്പിടിച്ചു.

ഒരു പൈലറ്റ് മരണപ്പെട്ടെന്നും മറ്റൊരാള്‍ ചികിത്സയില്‍ തുടരുകയാണെന്നും വ്യോമസേന ‘എക്‌സി’ല്‍ കുറിച്ചു. പൈലറ്റിന് സാങ്കേതികതകരാര്‍ അഭിമുഖീകരിക്കേണ്ടിവന്നതായും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും വ്യോമസേന അറിയിച്ചു.

കഴിഞ്ഞമാസം ഹരിയാണയിലെ പഞ്ച്കുല ജില്ലയില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണിരുന്നു. വിമാനത്തിലെ പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. പതിവ് പരിശീലന പറക്കലിന്റെ ഭാഗമായി അംബാല വ്യോമത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ജാഗ്വര്‍ യുദ്ധവിമാനമാണ് തകര്‍ന്നത്.