തമിഴ് സിനിമാസ്വാദകർ ഒന്നടങ്കം റിലീസിനായി കാത്തിരിക്കുന്നൊരു സിനിമയുണ്ട്. സൂപ്പർ താരം അജിത് കുമാർ നായകനായി എത്തുന്ന വിടാമുയർച്ചി. പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയുടെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെയാണ് പ്രക്ഷകരും ആരാധകരും ഏറ്റെടുത്തത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ഫെബ്രുവരി 6ന് ചിത്രം തിയറ്ററുകളിൽ എത്തും.
റിലീസ് അടുക്കുന്തോറും വിടാമുയർച്ചിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും ഒക്കെ പുറത്തുവരുന്നുണ്ട്. ഇതിനിടെയാണ് ചിത്രത്തിന്റെ ബജറ്റിനെയും പ്രതിഫലത്തെയും സംബന്ധിച്ച വിവരങ്ങൾ വന്നിരിക്കുന്നത്. 200 കോടി മുതൽ മുടക്കിലാണ് ഈ ആക്ഷൻ ത്രില്ലർ ഒരുക്കിയിരിക്കുന്നതെന്നാണ് കോയ്മോയിയെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ പകുതിയോളം രൂപ അജിത്തിന്റെ പ്രതിഫലം ആണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ഫോർബ്‌സിൻ്റെ കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് പ്രകാരം ഒരു ചിത്രത്തിന് 105 കോടി മുതൽ 165 കോടി രൂപ വരെയാണ് അജിത്ത് ഈടാക്കുന്നത്. വരാനിരിക്കുന്ന ഗുഡ് ബാഡ് അഗ്ലി എന്ന സിനിമയ്ക്ക് വേണ്ടി അജിത് 163 കോടി കൈപ്പറ്റിയതായും റിപ്പോർട്ടുണ്ട്.
അതേസമയം, ഗ്രാന്റ് റിലീസിനാണ് വിടാമുയർച്ചി ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം തമിഴ്നാട്ടിൽ മാത്രം 1000ൽ പരം സ്ക്രീനുകളിൽ വിടാമുയർച്ചി പ്രദർശിപ്പിക്കും. കേരളത്തിൽ 350 സ്‌ക്രീനുകളിലാകും സിനിമ പ്രദർശിപ്പിക്കുക. വിദേശത്തും റെക്കോർഡ് സ്‌ക്രീനുകളാണ് സിനിമയ്ക്ക് അനുവദിച്ചിരിക്കുന്നതെന്നാണ് വിവരം. എന്തായാലും മലയാളികൾ അടക്കം കാത്തിരിക്കുന്ന ചിത്രം പ്രേക്ഷകരെ നിരാശരാക്കില്ലെന്നാണ് വിലയിരുത്തലുകൾ.